നാട്ടുകാര്‍ ഒത്തുചേര്‍ന്നു; രണ്ടു കുളങ്ങള്‍ക്കു പുതുജീവന്‍
ചെറുപുഴ: എയ്യന്‍കല്ല് ഹരിജന്‍ കോളനിയിലെ ഉപയോഗ ശൂന്യമായിക്കിടന്ന ഒരു കുളം ഉള്‍പ്പെടെ രണ്ടു കുളങ്ങള്‍ നാട്ടുകാര്‍ ശുചീകരിച്ചു. വര്‍ഷങ്ങളായി ശുചീകരിക്കാതെ കിടന്നവയാണ് രണ്ടു കുളങ്ങളും. ചെറുപുഴ പഞ്ചായത്തില്‍ പതിനാലാം വാര്‍ഡില്‍പ്പെട്ടതാണ് കുളം ഉള്‍പ്പെട്ട എയ്യന്ക്കല്ല്.
1991ല്‍ എയ്യന് കോളനിയെ അംബേദ്കര്‍ കോളനിയായി പ്രഖ്യാപിച്ചപ്പോള്‍ കുളം നിര്‍മിക്കാന്‍ 4.50 ലക്ഷം രൂപ അനുവദിച്ചിരുന്നു. കുളം ഉള്‍പ്പെടെ 10 സെന്റ് സ്ഥലമാണുള്ളത്. അഞ്ചു സെന്റ് സ്ഥലത്തില്‍ കുളവും. കുളം നിര്‍മിച്ച് ജല വിതരണത്തിനായി ടാങ്കും മോട്ടറും പൈപ്പുകളും സ്ഥാപിച്ചു. എന്നാല്‍ ഏഴ് എച്ച്.പിയുടെ മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുവാനുള്ള വോള്‍ട്ടേജില്ലാത്തതിനാല്‍ ജലവിതരണം നടന്നില്ല. കാലക്രമത്തില്‍ മോട്ടറും പൈപ്പുകളുമൊക്കെ നശിച്ചു.
കുളത്തിന് ചോര്‍ച്ചയുള്ളതിനാല്‍ വെള്ളം നില്ക്കുന്നുമില്ല. 10 ലക്ഷം രൂപ മുടക്കിയാല്‍ ഈ കുളം ജല വിതരണത്തി ന് സജ്ജമാക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
രണ്ടാമത്തെ കുളം രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ ഭാഗമായി 14.50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ചതാണ്. പിന്നീട് ഇതിന്റെ വിപുലീകരണത്തിനായി നാലര ലക്ഷം രൂപ എം.പി ഫണ്ടില്‍ നിന്നു അനുവദിച്ചിരുന്നു. എന്നാല്‍ വെള്ളത്തിന്റെ അളവു കുറഞ്ഞു വരുന്നതിനാല്‍ ഇതില്‍ നിന്ന് എല്ലാ ഭാഗത്തേയ്ക്കും വെള്ളം വിതരണം ചെയ്യാന്‍ സാധിച്ചില്ല.
രണ്ടു കുളങ്ങളും നവീകരികുകയും ജല വിതരണത്തിനായി പുതിയ മോട്ടറും പൈപ്പുകളും സ്ഥാപിക്കുകയും ചെയ്താല്‍ പ്രാപ്പോയില്‍ ഈസ്റ്റ് വരെ കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയും. ഡി.വൈ.എഫ്.ഐ എയ്യന്‍കല്ല് യൂനിറ്റ്, ഇ.എം.എസ് സ്മാരക വായനശാല, കെ.വി സുധീഷ് സ്മാരക ക്ലബ്, പതിനാലാം വര്‍ഡ് എ.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ശുചീകരണ പ്രവൃത്തി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."