പിടിമുറുക്കി ദക്ഷിണാഫ്രിക്ക പടനയിച്ച് പാണ്ഡ്യ
കേപ് ടൗണ്‍: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്. ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ 286 റണ്‍സില്‍ പുറത്താക്കിയ ഇന്ത്യയുടെ ചെറുത്ത് നില്‍പ്പ് 209 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചു. 77 ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയില്‍. അവര്‍ക്ക് മൊത്തം 142 റണ്‍സ് ലീഡ്.
ഒന്നാം ഇന്നിങ്‌സിനെ അപേക്ഷിച്ച് കരുതലോടെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി ഓപണര്‍മാരായ മാര്‍ക്രം- ഡീന്‍ എല്‍ഗാര്‍ സഖ്യം ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഏഴ് റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇരുവരേയും പുറത്താക്കി ഹര്‍ദിക് പാണ്ഡ്യ ഇന്ത്യക്ക് ആശ്വാസം പകര്‍ന്നു. മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന മാര്‍ക്രം (34), എല്‍ഗാര്‍ (25) എന്നിവരുടെ വിക്കറ്റുകളാണ് പാണ്ഡ്യ സ്വന്തമാക്കിയത്. കളി നിര്‍ത്തുമ്പോള്‍ നാല് റണ്‍സുമായി ഹാഷിം അംലയും രണ്ട് റണ്‍സുമായി രാത്രി കാവല്‍ക്കാരന്‍ കഗിസോ റബാഡയുമാണ് ക്രീസില്‍.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്കായി പൂജാര- രോഹിത് ശര്‍മ സഖ്യം സൂക്ഷിച്ചാണ് കളിച്ചത്. എന്നാല്‍ സ്‌കോര്‍ 57ല്‍ നില്‍ക്കേ രോഹിതിനെ (59 പന്തില്‍ 11) മടക്കി റബാഡ രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് ആദ്യ പ്രഹരം നല്‍കി. പിന്നാലെ പിടിച്ചുനിന്ന് പൊരുതിയ പൂജരയെ ഫിലാന്‍ഡറും പുറത്താക്കി. 92 പന്തില്‍ 26 റണ്‍സാണ് പൂജാര സ്വന്തമാക്കിയത്. പിന്നീട് തുടരെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി 92 റണ്‍സിന് ഏഴ് എന്ന നിലയില്‍ ഇന്ത്യ പതറി. അശ്വിന്‍ (12), സാഹ (പൂജ്യം) എന്നിവരാണ് ക്ഷണത്തില്‍ മടങ്ങിയത്.
പിന്നീട് എട്ടാം വിക്കറ്റില്‍ ഹര്‍ദിക് പാണ്ഡ്യ ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ച് നടത്തിയ പോരാട്ടം ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നു. ഒരു ഘട്ടത്തില്‍ ടീം സ്‌കോര്‍ 100 പോലും കടക്കില്ലെന്ന് തോന്നിച്ച അവസരത്തില്‍ പാണ്ഡ്യ ഏകദിന ശൈലിയില്‍ ബാറ്റ് വീശി ടീം സ്‌കോര്‍ 200ന് അരികിലെത്തിച്ച് വന്‍ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചെടുക്കുകയായിരുന്നു. സ്‌ട്രൈക്ക് കൈമാറി ചെറുത്ത് നില്‍പ്പ് നടത്തി ഭുവനേശ്വര്‍ കുമാര്‍ തന്റെ ഭാഗം ഭംഗിയാക്കിയതും ഇന്ത്യക്ക് നേട്ടമായി. 95 പന്തുകള്‍ നേരിട്ട് 14 ഫോറും ഒരു സിക്‌സും സഹിതം പാണ്ഡ്യ 93 റണ്‍സ് അടിച്ചെടുത്തു. അര്‍ഹിച്ച സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ വച്ച് റബാഡയാണ് പാണ്ഡ്യയെ പുറത്താക്കിയത്. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 99 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ഭുവനേശ്വര്‍ 86 പന്തുകള്‍ നേരിട്ട് 25 റണ്‍സ് കണ്ടെത്തി. 199ല്‍ വച്ച് ഒന്‍പതാം വിക്കറ്റായി പാണ്ഡ്യ പുറത്തായതിന് പിന്നാലെ മുഹമ്മദ് ഷമി- ബുമ്‌റ സഖ്യം 28 പന്തുകള്‍ കൂടി ചെറുത്ത് സ്‌കോര്‍ 209ല്‍ എത്തിക്കുകയായിരുന്നു.
ഇന്ത്യക്ക് നഷ്ടമായ പത്ത് വിക്കറ്റുകളും ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ പങ്കിട്ടു. സ്പിന്നറായ കേശവ് മഹാരാജിന് വിക്കറ്റൊന്നും ലഭിച്ചില്ല. ഫിലാന്‍ഡര്‍, റബാഡ എന്നിവര്‍ മൂന്നും സ്റ്റെയ്ന്‍, മോര്‍കല്‍ എന്നില്‍ രണ്ടും വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഓപണര്‍മാരായ മുരളി വിജയ് (ഒന്ന്), ശിഖര്‍ ധവാന്‍ (16), വിരാട് കോഹ്‌ലി (അഞ്ച്) എന്നിവര്‍ ഒന്നാം ദിനത്തില്‍ തന്നെ കൂടാരം കയറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."