ഇന്ത്യന്‍ സിനിമകളുടെ നിരോധനം പാക് പിന്‍വലിച്ചു
ഇസ്‌ലാമാബാദ്: ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പാക് വാര്‍ത്താ വിതണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ചു. രണ്ടു ദിവസം മുന്‍പ് പാകിസ്താന്‍ പ്രദര്‍ശന വിലക്ക് നീക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും ഇന്നലെയാണ് ഉത്തരവ് പുറത്തിറങ്ങിയത്. ബോളിവുഡ് സിനിമകള്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നവര്‍ ഇതിന്റെ രേഖകള്‍ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ച് അനുമതി വാങ്ങണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. പാകിസ്താനില്‍ ഇന്ത്യന്‍ സിനിമാ താരങ്ങള്‍ക്ക് നിരവധി ആരാധകരാണുള്ളത്. ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചതോടെ പാക്ക് തിയറ്ററുകള്‍ക്ക് വന്‍ വരുമാന നഷ്ടംനേരിട്ടിരുന്നു.
ബാലസ്റ്റിക് മിസൈല്‍
പരീക്ഷിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചു
തെഹ്‌റാന്‍: ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ഇറാന്‍ പ്രതിരോധ മന്ത്രി ഹുസൈന്‍ ദെഹ്ഗാന്‍ സ്ഥിരീകരിച്ചു. 2015ല്‍ വന്‍ശക്തികളുമായി ഒപ്പുവച്ച ആണവ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കാതെയാണ് മിസൈല്‍ പരീക്ഷണമെന്ന് ഹുസൈന്‍ അവകാശപ്പെട്ടു.
കഴിഞ്ഞ ആഴ്ചയാണ് ഇറാന്‍ മിസൈല്‍ പരീക്ഷണം നടത്തിയത്. ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട വിഷയം യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുകയും പരീക്ഷണം ഒരര്‍ഥത്തിലും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് വിശദീകരണവുമായി ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ രംഗത്തെ ശക്തിപ്പെടുത്താനാണ് പരീക്ഷണം നടത്തിയത്. ഇത് ആണവ കരാറിന് വിരുദ്ധമല്ലെന്നും ഇറാന്‍ പ്രതിരോധ മന്ത്രി വിശദീകരിക്കുന്നു.
ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഉള്‍പ്പെടെയുള്ളവ നിര്‍മിക്കുന്നതിന് യു.എന്‍ പ്രമേയം ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കേയാണ് പരീക്ഷണം നടത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."