സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കണം: ഗോപാല്‍ ഗൗഡ
കൊച്ചി: രാജ്യത്തെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ സ്വകാര്യ മേഖലയിലും സംവരണം നടപ്പാക്കണമെന്ന് ഒറീസ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗോപാല്‍ ഗൗഡ.
ഡി.വൈ.എഫ്.ഐ പത്താം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം കലൂര്‍ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1990നു ശേഷം രാജ്യത്തു നടപ്പാക്കിയ പുതു സാമ്പത്തിക നയങ്ങള്‍ തൊഴിലില്ലായ്മ വര്‍ധിപ്പിച്ചു.
പ്രൈവറ്റ് ബാങ്കുകളിലും ടെലികോം കമ്പനികളിലുമടക്കം സംവരണം നടപ്പാക്കണം. സ്വകാര്യ കമ്പനികളില്‍ സംവരണം നടപ്പാക്കിയാല്‍ ഒരു പരിധി വരെ തൊഴിലില്ലായ്മ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. പുഷ്പമിത്ര ഭാര്‍ഗവ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യപ്രഭാഷണം നടത്തി. മേഘ പന്‍സാരെ, ഹമീദ് ധാബോല്‍ക്കര്‍, എം.എ ബേബി, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പി.പി അമല്‍, കുല്‍ദീപ് സിംഗ്, ഹരിശങ്കര്‍ നാച്ചിമുത്ത്, പി.രാജീവ് പ്രസംഗിച്ചു.
എം.പി രാജേഷ് അധ്യക്ഷനായി. സമ്മേളനത്തില്‍ ഇന്നു ഫാസിസ്റ്റ് വിരുദ്ധ സംഗമം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
ദേശീയതലത്തില്‍ തിരിച്ചടിയുണ്ടായെന്ന് എം.ബി രാജേഷ്
കൊച്ചി: ഡി.വൈ.എഫ്.ഐക്ക് ഇടക്കാലത്ത് ദേശീയ തലത്തില്‍ തിരിച്ചടിയുണ്ടായെന്ന് അഖിലേന്ത്യ പ്രസിഡന്റ് എം.ബി രാജേഷ് എം.പി സമ്മതിച്ചു. അഖിലേന്ത്യാ സമ്മേളനത്തിന്റെ ആദ്യ ദിവസത്തെ പ്രതിനിധി സമ്മേളനത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംഗങ്ങളുടെ എണ്ണത്തിലടക്കം കുറവുണ്ടായി. ഈ തിരിച്ചടികളെ സംഘടന സമരങ്ങളിലൂടെയും ചെറുത്തു നില്‍പിലൂടെയുമെല്ലാം അതിജീവിച്ചുവരികയാണ്. വര്‍ഗീയ ശക്തികളുടെ വളര്‍ച്ചയും കടന്നുകയറ്റവും രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകെ തിരിച്ചടി നേരിട്ടിരുന്നു.ഇതിന്റെ ഭാഗമായിട്ടുളള ക്ഷീണമാണ് ഡി.വൈ.എഫ്.ഐക്കും നേരിട്ടത്.
ബീഹാര്‍,അസം,ബംഗാള്‍,ഹിമാചല്‍ പ്രദേശ്,ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്നും രാജേഷ് പറഞ്ഞു.
ഗുജറാത്തില്‍ സമ്പൂര്‍ണ ഘടകം നിലവില്‍ വന്നു.ബംഗാളില്‍ ഗണ്യമായ രീതിയില്‍ അംഗങ്ങളുടെ കൊഴിഞ്ഞുപോക്കുണ്ടായിരുന്നു. പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധരായ നേതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിസ നിഷേധിച്ചുവെന്നും രാജേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."