ജോലിസ്ഥലത്തെ മാനസികപീഡനം; മലയാളി യുവതി നാട്ടിലേക്ക് മടങ്ങി
ദമാം: ജോലിസ്ഥലത്തെ മാനസികപീഡനം മൂലം ഒടുവില്‍ വനിതാ അഭയകേന്ദ്രത്തില്‍ എത്തപ്പെട്ട മലയാളിയായ വീട്ടുജോലിക്കാരി ഇന്ത്യന്‍ എംബസ്സിയുടെയും സാമൂഹികപ്രവര്‍ത്തകരുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി. തൃശൂര്‍ സ്വദേശിനിയായ ബിന്ദു ജൈസണ് ആണ് രണ്ടു മാസക്കാലത്തെ വനിതാ അഭയകേന്ദ്രത്തിലെ ജീവിതത്തിന്റെ അനിശ്ചിതങ്ങള്‍ക്കിടയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ഒന്‍പതു മാസങ്ങള്‍ക്ക് മുന്‍പ് സഊദിയില്‍ ജോലിക്കെത്തിയ ബിന്ദു ശമ്പളം കുടിശ്ശികയായതോടെയാണ് പ്രതിസന്ധിയിലായത്. ഒടുവില്‍ ആറുമാസത്തെ ജോലി മതിയാക്കി ബിന്ദു, അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞതിനെ തുടര്‍ന്ന് പൊലിസുകാര്‍ അവരെ ദമാമിലെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.
അഭയകേന്ദ്രത്തില്‍ വിവരമറിഞ്ഞെത്തിയ സാമൂഹിക പ്രവര്‍ത്തകര്‍ വിവരം ഇന്ത്യന്‍ എംബസ്സിയില്‍ അറിയിക്കുകയും സ്പോണ്‍സറെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ബിന്ദുവിന്റെ ഒരു കാര്യവും തനിയ്ക്കറിയണ്ട എന്ന നിഷേധനിലപാടിലായിരുന്നു സ്പോണ്സര്. ഒരു തരത്തിലുള്ള സഹകരണത്തിനോ, ഒത്തുതീര്‍പ്പിനോ സ്പോണ്സര് ഒരുക്കമല്ലാത്തതിനെ തുടര്‍ന്ന് ഒടുവില്‍ ഇന്ത്യന്‍ എംബസ്സി വഴി ബിന്ദുവിന് ഔട്ട്പാസ് തരപ്പെടുത്തുകയും വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്സിറ്റ് എടുക്കുകയുമായിരുന്നു. കോബാറിലെ നവയുഗം സാമൂഹിക പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ ബിന്ദുവിന് വിമാനടിക്കറ്റും അല്‍പ്പം വസ്തുക്കളും നല്കി. ഒടുവില്‍ ഇവര്‍ക്കെല്ലാം നന്ദി പറഞ്ഞു ബിന്ദു നാട്ടിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."