ഭരണപ്രതിസന്ധി മൂന്നുമാസം പിന്നിടുന്നു ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച വീണ്ടും സജീവം
ബെര്‍ലിന്‍: ജര്‍മനിയില്‍ മാസങ്ങളായി സ്തംഭനാവസ്ഥയിലുള്ള സര്‍ക്കാര്‍ രൂപീകരണത്തിനായി ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലിന്റെ നേതൃത്വത്തിലാണ് പുതിയ ചര്‍ച്ചകള്‍ നടക്കുന്നത്.
അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയില് മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയനു(സി.ഡി.യു) പുറമെ മുന്‍ സഖ്യകക്ഷികളായ ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയന്‍(സി.എസ്.യു), മുന്‍ സഖ്യകക്ഷികളും പ്രധാന പ്രതിപക്ഷ കക്ഷിയുമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്.പി.ഡി) എന്നിവയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.ജര്‍മനിയില്‍ തെരഞ്ഞെടുപ്പ് ഏറ്റവും വലിയ ഒറ്റകക്ഷിയായ മെര്‍ക്കലിന്റെ സി.ഡി.യുവിനു സര്‍ക്കാര്‍ രൂപീകരിക്കനായിരുന്നില്ല.
ഇതേതുടര്‍ന്ന് മൂന്നുമാസമായി രാജ്യത്ത് സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ഇതിനു മുന്‍പ് നിരവധി തവണ വിവിധ സഖ്യകക്ഷികളെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മെര്‍ക്കല്‍ ശ്രമിച്ചിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. പുതിയ ചര്‍ച്ച സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവസാനത്തെ അവസരമായാണു വിലയിരുത്തപ്പെടുന്നത്.
മധ്യ ഇടതുപാര്‍ട്ടിയായ എസ്.പി.ഡി കഴിഞ്ഞ 12 വര്‍ഷമായി മെര്‍ക്കല്‍ സര്‍ക്കാരില്‍ കക്ഷിയായിരുന്നെങ്കിലും ഇത്തവണ പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചതോടെയാണു സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായത്.
സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുമെന്ന് എസ്.പി.ഡി നേതാവ് മാര്‍ട്ടിന്‍ ഷ്യൂള്‍സ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ലിബറല്‍ പാര്‍ട്ടിയായ എഫ്.ഡി.പി, ഗ്രീന്‍ പാര്‍ട്ടി എന്നിവയെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍, മാസങ്ങള്‍ക്കു ശേഷം ചര്‍ച്ചയില്‍നിന്ന് എഫ്.ഡി.പി പിന്മാറിയതോടെ മെര്‍ക്കല്‍ വീണ്ടും പ്രതിസന്ധിയിലായി.
പിന്നീട് ജര്‍മന്‍ പ്രസിഡന്റിന്റെ അഭ്യര്‍ഥന പ്രകാരം എസ്.പി.ഡി സഖ്യസര്‍ക്കാര്‍ ചര്‍ച്ചയ്ക്കു സന്നദ്ധമായിരുന്നെങ്കിലും ചര്‍ച്ച പൂര്‍ത്തീകരിക്കാനായില്ല.
ചര്‍ച്ചയ്ക്കായി മാര്‍ട്ടിന്‍ ഷ്യൂള്‍സും മെര്‍ക്കലും ബെര്‍ലിനിലെത്തിയിട്ടുണ്ട്. ചര്‍ച്ച വിജയത്തിലെത്താനാകുമെന്നാണു പ്രതീക്ഷയെന്ന് ആംഗെലാ മെര്‍ക്കല്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."