ഉന്നതപഠനത്തിനായി രാജ്യത്തുള്ളത് അരലക്ഷത്തിനടുത്ത് വിദേശികള്‍
മലപ്പുറം: ഉന്നതപഠനത്തിനായി ഇന്ത്യയിലെത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന. കേന്ദ്ര മാനവവിഭവ ശേഷി വികസന വകുപ്പ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യമുള്ളത്.
2012-13 വര്‍ഷത്തില്‍ ഉന്നതവിദ്യാഭ്യാസത്തിനായി 34,774 വിദേശ വിദ്യാര്‍ഥികളാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍, 2016- 17 വര്‍ഷത്തില്‍ ഇത് 47,575 ആയി ഉയര്‍ന്നു. സര്‍വേപ്രകാരം കഴിഞ്ഞവര്‍ഷം രാജ്യത്ത് 31,779 വിദേശ ആണ്‍കുട്ടികളും 15,796 പെണ്‍കുട്ടികളും ഉന്നതപഠനം തേടിയെത്തി. 2012നെ അപേക്ഷിച്ച് 2016-17 വര്‍ഷത്തില്‍ 10,197 ആണ്‍കുട്ടികള്‍ വര്‍ധിച്ചപ്പോള്‍ 2,874 പെണ്‍കുട്ടികള്‍ മാത്രമാണ് വര്‍ധിച്ചത്.
ഉന്നതവിദ്യാഭ്യാസം തേടുന്ന രാജ്യത്തെ വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 35.7 ദശലക്ഷം വിദ്യാര്‍ഥികളാണ് രാജ്യത്താകമാനം ഉന്നതവിദ്യാഭ്യാസം നടത്തുന്നത്. 2010-11 വര്‍ഷത്തില്‍ ഇത് 27.5 ദശലക്ഷം ആയിരുന്നു. 8.2 ദശലക്ഷം വിദ്യാര്‍ഥികളുടെ വര്‍ധനവുണ്ടായി. ഉന്നത വിദ്യാഭ്യാസരംഗത്തെ സമഗ്ര വിവരശേഖരണം ലക്ഷ്യമിട്ട് 2011ലാണ് ഇത്തരത്തില്‍ സര്‍വേ തുടങ്ങിയത്.
ഓരോവര്‍ഷവും നടത്തുന്ന സര്‍വേയില്‍ രാജ്യത്തെ സര്‍വകലാശാലകള്‍, അംഗീകൃത കോളജുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിവരശേഖരണം നടത്തുന്നത്. സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവക്കുപുറമെ രാജ്യത്തെ ഉന്നത കലാലയങ്ങളിലെ അധ്യാപകരുടെ വിവരശേഖരണവും 2016-17 വര്‍ഷത്തില്‍ നടത്തിയിരുന്നു.
ഗുരുജന്‍ എന്നപേരില്‍ ദേശീയതലത്തില്‍ അധ്യാപകരുടെ വിവരങ്ങളടങ്ങിയ പോര്‍ട്ടല്‍ തയാറാക്കുന്നതിന്റെ ഭാഗമായാണ് വിവരശേഖരണം നടത്തിയത്. 12.68 ലക്ഷം അധ്യാപകരാണ് ഇതിനകം പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."