മത്സ്യ ബന്ധനത്തിനിടെ വള്ളം തകര്‍ന്നു
ചെന്ത്രാപ്പിന്നി: കഴിമ്പ്രത്ത് കടലില്‍ മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം തകര്‍ന്നു. തകര്‍ന്ന വള്ളത്തിനൊപ്പം എഞ്ചിനും നശിച്ചു. കഴിമ്പ്രത്ത് ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. രണ്ട് വള്ളങ്ങളിലായാണ് പന്ത്രണ്ടോളം മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങിയത്.
തീരത്ത് നിന്ന് പുറപ്പെട്ട് ഒന്നര കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു അപകടം. ശക്തമായ തിരയില്‍ ഭദ്ര എന്ന വള്ളം തലകീഴായ് മറിയുകയായിരുന്നു. തെക്കിനിയേടത്ത് ഷൈജുവിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു വള്ളം. ഷൈജുവിനോടൊപ്പം പോണത്ത് ജോഷി, സത്യന് പള്ളത്ത് എന്നിവരായിരുന്നു വള്ളത്തിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികള്‍. വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ സത്യന്റെ ചെവിക്ക് കീഴേ പരുക്കേറ്റു.
സമീപമുണ്ടായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ട് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് ഗീതാഗോപി എം.എല്‍.എ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര് സുഭാഷിണി, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീച്ചിലെത്തി. ഡെപ്യൂട്ടി കലക്ടറും കഴിമ്പ്രം ബീച്ചിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."