സജി ബഷീറുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: സിഡ്‌കോ എം.ഡിയായിരുന്ന കാലത്ത് സജി ബഷീറിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഈ വിഷയത്തില്‍ വ്യവസായ വകുപ്പിനു വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
സിഡ്‌കോ എം.ഡിയായിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണമടക്കമുള്ള കേസുകളില്‍ സജി ബഷീര്‍ അന്വേഷണം നേരിടുന്നുണ്ട്. ഇ.പി ജയരാജന്‍ മന്ത്രിയായിരിക്കെയാണ് അദ്ദേഹത്തെ സര്‍വിസില്‍നിന്ന് നീക്കം ചെയ്തത്. ഇതിനെതിരേ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വ്യവസായ വകുപ്പിനു കീഴിലുള്ള കെല്‍പാമിന്റെ എം.ഡിയായി നിയമിതനായ സജി ബഷീര്‍ ശനിയാഴ്ച ചുമതലയേറ്റിരുന്നു.
എന്നാല്‍, കേസില്‍ സജിക്ക് അനുകൂലമായ വിധിയുണ്ടായത് സര്‍ക്കാരിന്റെ വീഴ്ച മൂലമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരായ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണമായി കോടതിയില്‍ ഹാജരാക്കാതിരുന്നതാണ് അനുകൂല വിധിക്ക് ഇടയാക്കിയതെന്നാണ് ആരോപണം. അദ്ദേഹത്തെ സര്‍വിസില്‍ തിരിച്ചെടുക്കാനാവില്ലെന്നു കാണിച്ച് അന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി നല്‍കിയ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പൂഴ്ത്തിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
സസ്‌പെന്‍ഡ് ചെയ്ത് ഒന്നര വര്‍ഷമായിട്ടും സര്‍വിസില്‍നിന്ന് നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങാതിരുന്നതും അനുകൂല വിധിക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പുറത്താക്കിയെന്ന ഉത്തരവില്ലാതെ സര്‍ക്കാര്‍ ജീവനക്കാരനെ അനിശ്ചിതകാലം ജോലിയില്‍നിന്ന് മാറ്റിനിര്‍ത്താനാവില്ലെന്നും സ്ഥിരം ജീവനക്കാരനാണെങ്കില്‍ തിരികെയെടുത്ത് എവിടെയെങ്കിലും നിയമനം നല്‍കണമെന്നും പറഞ്ഞാണ് സജി ബഷീറിന് അനുകൂലമായി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സജി ബഷീര്‍ നല്ലൊരു ഉദ്യോഗസ്ഥനല്ലെന്നും കോടതി ഉത്തരവനുസരിച്ചാണ് തിരിച്ചെടുത്തതെന്നും മന്ത്രി മൊയ്തീന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം, വിജിലന്‍സ് കേസിനെത്തുടര്‍ന്ന് സര്‍വിസില്‍നിന്ന് മാറ്റിനിര്‍ത്തിയ സിഡ്‌കോ മുന്‍ എം.ഡി സജി ബഷീറിന് പുനര്‍നിയമനം നല്‍കണമെന്ന ഉത്തരവിനെതിരേ പുനഃപരിശോധനാ ഹരജി നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിയമനം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് സജി ബഷീര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."