അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ നേതാവ്
പാലക്കാട്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദ് എം.പിയുടെ വിയോഗത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. പാലക്കാട് കെ.എസ്.ആര്‍.ടി.സി പരിസരത്ത് ചേര്‍ന്ന അനുശോചന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു.
ദേശീയ രാഷ്ട്രീയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇ. അഹമ്മദ് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ജാഗ്രത പാലിച്ച നേതാവാണെന്ന് അനുശോചന യോഗം ചൂണ്ടിക്കാട്ടി. മതേതരത്വവും ജനാധിപത്യവും ഭീഷണി നേരിടുന്ന വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന അഹമ്മദിനെ പോലുള്ള നേതാക്കളുടെ വേര്‍പാട് തീരാനഷ്ടമാണ്. രാഷ്ട്രീയത്തിനതീതമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ അഹമ്മദ് ഏറെ ശ്രദ്ധചെലുത്തിയിരുന്നു. വിശാലഹൃദയനും രാജ്യസ്‌നേഹിയുമായ ഒരു നേതാവിന്റെ വേര്‍പാടിനെ കേന്ദ്രഭരണകൂടം വേണ്ടത്ര ഉല്‍ക്കൊണ്ടില്ലെന്നും അദ്ദേഹത്തിന്റെ മൃതശരീരത്തോടു കാണിച്ച അനാദരവ് ജനാധിപത്യ ഇന്ത്യക്ക് നാണക്കേടാണെന്നും യോഗം ചൂണ്ടിക്കാട്ടി. എം.എം ഹമീദ് ചടങ്ങില്‍ അധ്യക്ഷനായി. കളത്തില്‍ അബ്ദുല്ല, മുന്‍ എം.പി വി.എസ് വിജയരാഘവന്‍, സി.കെ രാജേന്ദ്രന്‍, വി.കെ ശ്രീകണ്ഠന്‍, എ.രാമസ്വാമി, ടി.എന്‍ കണ്ടമുത്തന്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ഭാസ്‌കരന്‍ (ജെ.ഡി.യു), സി.എന്‍ ചന്ദ്രന്‍ (ആര്‍.എസ്.പി), കലാധരന്‍ (സി.എം.പി), പുരുഷോത്തമന്‍ (കേരള കോണ്‍ഗ്രസ് ജെ), മുന്‍ എം.എല്‍.എ, ടി.കെ നൗഷാദ്, കെ.ബി.എ സമദ്, പി.എം അബ്ദുല്‍ഗഫൂര്‍ സംസാരിച്ചു. നേരത്തെ സര്‍വകക്ഷി നേതാക്കള്‍ പങ്കെടുത്ത മൗനജാഥ മേപ്പറമ്പ് ബൈപ്പാസില്‍നിന്നും തുടങ്ങി മേലാമുറി വഴി കെ.എസ്.ആര്‍.ടി.സി പരിസരത്ത് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."