ശാമൂന്‍ മാല്‍വെയര്‍ വൈറസ് ആക്രമണം; സംഘടിതമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം
ജിദ്ദ: സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും തന്ത്രപ്രധാന സ്ഥാപനങ്ങളുടെയും കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ക്കു നേരെ ദിവസങ്ങള്‍ക്കു മുമ്പുണ്ടായ ശാമൂന്‍ മാല്‍വെയര്‍ വൈറസ് ആക്രമണം സംഘടിതമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം.
മാല്‍വെയര്‍ ആക്രമണത്തിന് പിന്നില്‍ വ്യക്തികളെല്ലെന്നും സംഘടിത ആക്രമണമായിരുന്നെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബാദ് അല്‍അബാദ് വെളിപ്പെടുത്തി.
തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അടക്കമുള്ള മന്ത്രാലയങ്ങളുടെ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ക്കു നേരെയാണ് ഷാമൂന്‍ 2 വൈറസ് ആക്രമണമുണ്ടായത്.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കു നേരെയുള്ള വൈറസ് ആക്രമണങ്ങള്‍ ആഗോള തലത്തില്‍ സ്ഥിരീകരിക്കപ്പെട്ട കുറ്റകൃത്യമാണ്. സൈബര്‍ ആക്രമണങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്ന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സൈബര്‍ സെക്യൂരിറ്റി സെന്ററിന്റെ ചുമതല.
സഊദിയിലെ സര്‍ക്കാര്‍ വകുപ്പുകളും തന്ത്രപ്രധാന സ്ഥാപനങ്ങളും സുപ്രധാന ഡാറ്റകള്‍ വിദേശങ്ങളില്‍ സൂക്ഷിക്കുന്നതിനു പകരം സഊദിയില്‍ തന്നെ അവ സൂക്ഷിക്കുന്നതിന് സംവിധാനം ഒരുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന് പദ്ധതിയുണ്ട്.
സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ സഊദി വിദഗ്ധരുടെ വലിയ കുറവുണ്ട്. വിവര സുരക്ഷാ തൊഴില്‍ മേഖലയിലാണ് ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ വിദഗ്ധര്‍ക്ക് ക്ഷാമം നേരിടുന്നത്. വിവര സുരക്ഷാ മേഖലയില്‍ സഊദി വിദഗ്ധരെ വാര്‍ത്തെടുക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് സൈബര്‍ സെക്യൂരിറ്റി സെന്റര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഡോ. അബാദ് അല്‍അബാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."