ഇലകളില്‍ ഒളിഞ്ഞിരിക്കുന്ന ഔഷധമൂല്യം
നമ്മുടെ വീട്ടുപരിസരത്തുള്ള നിത്യോപയോഗ യോഗ്യമായ ഇലകളില്‍ ഔഷധമൂല്യം അടങ്ങിയിരിക്കുന്നു എന്നകാര്യം പലര്‍ക്കുമറിയില്ല. അറിയുന്നവര്‍ പോലും ഇവ ഉപയോഗിക്കാന്‍ ശ്രമിക്കാറുമില്ല.
കറിവേപ്പിലയും തുളസിയും പുതിനയും ഒക്കെത്തന്നെ വളരെ നല്ല ഔഷധ ഗുണമുള്ള ഇലകളാണ്. ഇവയുടെ ഉപയോഗം മൂലം ഡോക്ടറെ സമീപിക്കുന്നതും മെഡിക്കല്‍ ഷോപ്പുകളിലേക്ക് ഓടുന്നതും ഒരു പരിധി വരെ ഒഴിവാക്കാനാവും. ഓരോ ഇലകളുടെയും ഔഷധ മൂല്യവും ഉപയോഗ ക്രമവും അറിയണമെന്നുമാത്രം.
കറിവേപ്പില രോഗ നാശിനി
ആവശ്യമില്ലാത്തതിനെല്ലാം കറിവേപ്പിലപോലെ എന്നാണ് വിശേഷണം. എന്നാല്‍ എടുത്തുകളയാനുള്ളതാണോ കറിവേപ്പില? അല്ലേഅല്ല. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെ നമുക്ക് ഗുണമുള്ള വസ്തുക്കള്‍ ഒട്ടേറെയുണ്ട്. കറിവേപ്പില ചേര്‍ന്ന കറികളുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. രുചി വര്‍ദ്ധിനി മാത്രമല്ല, നല്ലൊരു ഔഷധംകൂടിയാണ് കറിവേപ്പില. രക്തദോഷം, കഫം, വാതം ഇവ ശമിപ്പിക്കാന്‍ കറിവേപ്പിലക്കാകും.
ദഹനത്തെ സഹായിക്കും. ബലം, ബുദ്ധി ഇവ വര്‍ധിപ്പിക്കും. കറിവേപ്പിലയുടെ ഉപയോഗം കണ്ണിനെ സംരക്ഷിക്കും. ദഹനത്തിനും ഉദരത്തിലെ കൃമി നശീകരണത്തിനും ജീവകം എ കൂടുതല്‍ അടങ്ങിയ കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. മോരില്‍ കറിവേപ്പില അരച്ചുചേര്‍ത്ത സംഭാരം ദഹനപ്രശ്‌നങ്ങള്‍ മാറാന്‍ നല്ലതാണ്. കറിവേപ്പിലയിട്ടു ചൂടാക്കിയ എണ്ണ മുടിയുടെ ആരോഗ്യത്തിനു ഗുണം ചെയ്യും. അകാലനര തടയാനും ഇത് നല്ലതാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കറിവേപ്പിലയിട്ടു കാച്ചിയ എണ്ണ തേച്ചാല്‍ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം കൈവരികയും ചെയ്യും.
പുതിന ഇലയുടെ ഔഷധഗുണങ്ങള്‍
പാകം ചെയ്ത ഭക്ഷണത്തിന് ഹിതകരമായ രുചി നല്‍കാന്‍ കഴിവുള്ള ഒരു സുഗന്ധമസാല സസ്യമാണ് പുതിന. ഇതിന്റെ ഇലകള്‍ക്ക് ആരെയും ആകര്‍ഷിക്കുന്ന സുഗന്ധമാണ്. മട്ടന്‍, ചിക്കന്‍, ബീഫ്, മത്സ്യം, ബിരിയാണി, ചായ എന്നിവകൊണ്ട് തയാറാക്കുന്ന വിഭവങ്ങള്‍ക്ക് ഗന്ധരുചി അഥവാ ഫ്‌ളേവര്‍ നല്‍കുമെന്നതിനുപരി പുതിന വീട്ടുവൈദ്യത്തിനുതകുന്ന ഒന്നാംതരം ഒറ്റമൂലി കൂടിയാണ്.
ഗ്യാസ്ട്രബിള്‍, വയറുവേദന, വിശപ്പില്ലായ്മ, ഛര്‍ദി എന്നിവയ്‌ക്കെതിരെ ഏറെ ഫലപ്രദമായ മരുന്ന് കൂടിയാണിത്. ഉദരരോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. വേദനസംഹാരിയായി ഇതുപയോഗിക്കുന്നവരുമുണ്ട്. നല്ല ഒരു ആന്റി ഓക്‌സിഡന്റ്, അണുനാശിനി, ദഹന സഹായി എന്നീ നിലയില്‍ പുതിന പ്രവര്‍ത്തിക്കുന്നു. മുഖത്തെ കറുത്ത പാടുകള്‍ മാറ്റുന്നതിന് പുതിനയില നീര്, ചെറുനാരങ്ങനീര് ഇവ സമം എടുത്ത് പാടുകളില്‍ പുരട്ടി 20 മിനുട്ട് കഴിഞ്ഞ് കഴുകുക.
മുഖക്കുരുവിന്: തുളസി നീരും പുതിനനീരും സമം യോജിപ്പിച്ച് പുരട്ടുക. നിറം വര്‍ധിക്കുന്നത്ിന്: പുതിനയില നീര്, ചെറുനാരങ്ങ നീര്. തക്കാളി നീര് ഇവ തുല്യ. അളവിലുള്ള മിശ്രിതം പതിവായി ഉപയോഗിക്കുക. പല്ലുകളുടെ തിളക്കത്തിന്: പുതിനയില ഉണക്കിപ്പൊടിച്ച് ആ പൊടികൊണ്ട് പല്ല് തേച്ചാല്‍ പല്ലുകളുടെ തിളക്കം വര്‍ധിക്കും.
തുളസിയുടെഔഷധമൂല്യം
ഭാരതീയര്‍ വിശുദ്ധിയുടെ വിളനിലമായും പരിപാവനമായും കണക്കാക്കിവരുന്ന തുളസി നമുക്ക് വളരെ സുപരിചിതമാണ്.
ആയുര്‍വേദം ഉപയോഗത്തെ അടിസ്ഥാനമാക്കി ജ്വരഘ്‌നൗഷധങ്ങളുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുളസി പ്രധാനമായും രണ്ട് തരത്തിലുണ്ട്. (രാമ തുളസി, കൃഷ്ണ തുളസി)യെന്നും അറിയപ്പെടുന്നു.
ഇതില്‍ കൃഷ്ണ തുളസിയാണ് ഔഷധപ്രയോഗത്തില്‍ മുന്‍പന്‍. ലാമിയേസീ സസ്യകുടുംബത്തിലെ അംഗമായ. തുളസിയുടെ ശാസ്ത്രനാമം ഒസിമം ടെനിഫ്‌ളോറം എന്നാണ്. ഒസിമം സാങ്റ്റം പര്യായമാണ്. ഇല പൂവ് എന്നിവയും ചിലപ്പോള്‍ സമൂലവും ഔഷധയോഗ്യ ഭാഗങ്ങളായി ഉപയോഗിച്ചു വരുന്നു. തുളസിയില്‍ ബാസില്‍ കാംഫര്‍ എന്നു വിളിക്കപ്പെടുന്ന കര്‍പ്പൂര സദൃശമായ എസെന്‍സ് ഉണ്ട്. ശ്വാസകോശരോഗങ്ങള്‍ അകറ്റുന്നതിന് തുളസി വളരെ ഫലപ്രദമാണ്.
പനി, ചുമ, കഫ തടസം എന്നിങ്ങനെയുള്ള അസുഖങ്ങള്‍ ശമിപ്പിക്കുന്നതിന് തുളസിനീര് പത്ത് മി.ലി വീതം ദിവസവും രണ്ടുനേരം തേന്‍ചേര്‍ത്ത് സേവിക്കുന്നത് വളരെ ഉത്തമമായ പ്രതിവിധിയാണ്. നല്ലൊരു അണുനാശിനി, ആന്റി ഓക്‌സിഡന്റ് എന്നീ നിലകളില്‍ തുളസി ഫലപ്രദമാണ്. മുഖത്ത് തിളക്കം കിട്ടുന്നതിന് ഒരു ടീസ്പൂണ്‍ തുളസി നീര് ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക. വിളര്‍ച്ച മാറി രക്തപ്രസാദം നേടാം.
തുളസിയില ഉണക്കിപ്പൊടിച്ചത് പനിനീരില്‍ കലര്‍ത്തി ദിവസേന മുഖത്തിടുന്നത് മുഖത്ത് തിളക്കം വരുത്തുകയും ചര്‍മ സുഷിരങ്ങളെ തുറന്ന് അഴുക്ക് മാറ്റുകയും ചെയ്യുന്നു. തുളസിനീര്, ഇഞ്ചിനീര് സമം അളവിലെടുത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടുന്നത് തലയോട്ടിയിലെ പുഴുക്കടിക്ക് നല്ലതാണ്. വിരശല്യമകറ്റാന്‍ ഒരു സ്പൂണ്‍ തുളസിവേര് അരച്ചത് ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും. തുളസി നീരില്‍ മഞ്ഞളരച്ച് ലേപനം ചെയ്യുന്നതും ഉള്ളില്‍ സേവിക്കുന്നതും ചിലന്തിവിഷം ശമിക്കുന്നതിന് വളരെ ഗുണകരമാണ്. വില്വാദിഗുളിക, നീല തുളസ്യാദി കഷായം, ശീത ജ്വാരദികഷായം, മാനസമിത്ര വടകം എന്നീ ആയുര്‍വേദ ഔഷധങ്ങളില്‍ പ്രധാനപ്പെട്ട ചേരുവയായി തുളസി ഉപയോഗിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."