തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള നടപടികള്‍ രേഖപ്പെടുത്താതെ പൂഴ്ത്തുന്നു
കൊണ്ടോട്ടി: തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള വിജിലന്‍സ് കേസുകളടക്കം സര്‍വിസ് ബുക്കില്‍ യഥാസമയം രേഖപ്പെടുത്താതെ പൂഴ്ത്തുന്ന സംഭവം വ്യാപകമായതോടെ സര്‍ക്കാര്‍ കര്‍ശന നടപടിക്ക്. കേസ് വിവരങ്ങളില്‍ കൃത്യതയില്ലാത്തതിനാല്‍ പഞ്ചായത്ത് ഡയറക്ടറടക്കം കോടതിയലക്ഷ്യ നടപടിക്ക് വിധേയമാകേണ്ട സ്ഥിതിയുണ്ടായതോടെയാണിത്. അഴിമതിയുടെ പേരില്‍ വിജിലന്‍സ് നടപടികള്‍ക്കടക്കം വിധേയരായ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സഹജീവനക്കാര്‍ സര്‍വിസ് ബുക്കില്‍ രേഖപ്പെടുത്താതെ പൂഴ്ത്തുന്നത് വ്യാപകമാണ്.
നടപടികളും ശിക്ഷകളും സംബന്ധിച്ച് സര്‍വിസ് ബുക്കില്‍ കൃത്യമായി രേഖപ്പെടുത്താതെ ഉദ്യോഗസ്ഥര്‍ തമ്മില്‍ പരസ്പര ധാരണയുണ്ടാക്കുന്നതായാണ് സര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒത്തുകളി വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ വിഷയത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ നല്‍കി.
സര്‍ക്കാറില്‍ നിന്നും, പഞ്ചായത്ത് ഡയറക്ടറേറ്റ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് തുടങ്ങിയവയില്‍ നിന്നുമുണ്ടാകുന്ന സസ്‌പെന്‍ഷന്‍, ശിക്ഷാ നടപടികള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ജീവനക്കാരുടെ സര്‍വിസ് ബുക്കില്‍ സമയത്തിന് രേഖപ്പെടുത്തണമെന്നാണ് ചട്ടം. കേസുകളുടെ വിവരങ്ങള്‍ സര്‍വിസിനെ ബാധിക്കുമെന്നതിനാല്‍ നടപടിക്ക് വിധേയരാകുന്നവരുടെ വിവരങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം രേഖപ്പെടുത്തുന്നില്ല. ഇത്തരം കേസുകള്‍ കേടതിയിലെത്തുമ്പോഴാണ് സര്‍വിസ് പുസ്തകത്തില്‍ ഇതു സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തുന്നത്. ഇത്തരം നിരവധി കേസുകളില്‍ പഞ്ചായത്ത് ഡയറക്ടറടക്കം കോടതിയലക്ഷ്യ നടപടികള്‍ക്ക് വിധേയരായതോടെയാണ് സര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കിയത്.
അച്ചടക്ക നടപടിയുടെ ഭാഗമായി ഉദ്യോഗസ്ഥനെതിരേ സ്വീകരിക്കുന്ന സസ്‌പെന്‍ഷന്‍ അടക്കമുളള കാര്യങ്ങള്‍ സര്‍വിസ് ബുക്കില്‍ രേഖപ്പെടുത്തി,അവയുടെ പകര്‍പ്പ് അച്ചടക്ക നടപടി സ്വീകരിച്ച ഓഫിസിലേക്ക് അടിയന്തരമായി എത്തിക്കണമെന്നാണ് പുതിയ നിര്‍ദേശം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടികളുണ്ടാകും. കേസുകള്‍, തുടരന്വേഷണത്തിന്റെ വിവരങ്ങള്‍ എന്നിവയും സമയ ബന്ധിതമായി അറിയിക്കണം.
സസ്‌പെന്‍ഷന്‍ കാലയളവില്‍ ജീവനക്കാരന് കിട്ടാന്‍ അര്‍ഹതയുള്ള ഉപജീവനബത്തയും മറ്റ് ബത്തകളും സംബന്ധിച്ച് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമായി രേഖപ്പെടുത്തി നല്‍കണം. ഇതില്‍ പിന്നീട് തിയതി നിശ്ചയിക്കുന്ന രീതി തുടരാന്‍ പാടില്ല. സര്‍ക്കാരും പഞ്ചായത്ത് ഡയറക്ടറും കോടതിയലക്ഷ്യ നടപടിക്ക് വിധേയമായാല്‍ അതിന് കാരണക്കാരനായ ഉദ്യോഗസ്ഥനെതിരേയും കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേയും നടപടിയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."