കുട്ടിത്താരങ്ങള്‍ ഇന്ന് പൂനെയിലേക്ക്
തിരുവനന്തപുരം: പുതിയ വേഗത്തിലേക്കും ദൂരത്തിലേക്കും ഉയരത്തിലേക്കും കുതിപ്പ് തേടി കേരളത്തിന്റെ കുട്ടിപ്പട്ടാളം ഇന്നു പൂനെയിലേക്ക്. 62 മത് ദേശീയ സബ് ജൂനിയര്‍ സ്കൂള്‍ അത്ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കേരള താരങ്ങള്‍ ഇന്നു പുലര്‍ച്ചെ പൂനെയിലേക്ക് യാത്ര തിരിക്കും. 30 കായിക താരങ്ങളും എട്ടു ഒഫിഷ്യല്‍സും അടക്കം 38 അംഗ സംഘം പുലര്‍ച്ചെ 4.25 നുള്ള മുംബൈ എക്സ്പ്രസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് യാത്രയാകുന്നത്.
പൂനെ ബാലേവാഡി സ്റ്റേഡിയത്തില്‍ ഏഴു മുതല്‍ ഒന്‍പതു വരെയാണ് ചാംപ്യന്‍ഷിപ്പ്. പതിനഞ്ച് വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ടീമിലുള്ളത്. സ്പ്രിന്റ്, ജംപിനങ്ങള്ക്കു പുറമേ സ്പ്രിന്റ് ഹര്‍ഡില്‍സ്, റിലേ, ഷോട്പുട്ട്, ഡിസ്കസ് ത്രോ ഇനങ്ങളിലാണ് കേരള താരങ്ങള്‍ പോരാട്ടത്തിനിറങ്ങുന്നത്.
തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഒരാഴ്ച നീണ്ടു നിന്ന പരിശീലനത്തിന് ശേഷമാണ് ടീം യാത്ര തിരിക്കുന്നത്. ഉഷ സ്കൂളിലെ താരങ്ങള്‍ ഒഴികെയുള്ളവര്‍ തിരുവനന്തപുരത്തു നിന്നു യാത്ര തിരിക്കും. ഉഷ സ്കൂളിലെ താരങ്ങള്‍ പാലക്കാട് നിന്നു ടീമിനൊപ്പം ചേരും. കോലഞ്ചേരി പൂതൃക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികധ്യാപകന്‍ ജോണ്‍സ് ജോണാണ് ടീം മാനേജര്‍. കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ കായികധ്യാപകന്‍ രാജു പോള്‍, ചെര്‍പ്പുളശ്ശേരി ജി.എച്ച്.എസിലെ കായികധ്യാപകന്‍ നന്ദഗോപാല്‍ എന്നിവരാണ് പരിശീലകര്‍.
പതിവിനു വിപരീതമായി ഇത്തവണ യാത്ര സൗകര്യം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ടീം. എങ്കിലും മടക്ക യാത്രയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റ് ഉറപ്പായിട്ടില്ല. മൂന്നായി വിഭജിച്ച ശേഷം നടക്കുന്ന ദേശീയ മീറ്റിനെ പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്.
കഴിഞ്ഞ തവണ കോഴിക്കോട് ആതിഥ്യമരുളിയ ദേശീയ മീറ്റില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ 30 പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്നു കേരളത്തിന്റെ സ്ഥാനം. അന്നു കേരളത്തിനായി പെണ്‍കുട്ടികള്‍ 24 പോയിന്റ് നേടിയപ്പോള്‍ ആണ്‍കുട്ടികളുടെ സംഭാവന ആറു പോയിന്റില്‍ ഒതുങ്ങി. 57 പോയിന്റുമായി മഹാരാഷ്ട്രയാണു സബ് ജൂനിയര്‍ വിഭാഗം ചാംപ്യന്മാരായത്.
34 പോയിന്റു നേടി ഡല്‍ഹി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. മൂന്നായി വിഭജിച്ച മേളയില്‍ ഇത്തവണ കിരീടം നേടാനുറച്ചു തന്നെയാണ് കേരളത്തിന്റെ കുട്ടിപ്പട്ടാളം യാത്രയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."