പേസ് കൊടുങ്കാറ്റില്‍ ഇന്ത്യ വീണു
കേപ് ടൗണ്‍: പേസര്‍മാര്‍ നിറഞ്ഞാടിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക വിജയം പിടിച്ചു. 72 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. മൂന്നാം ദിനം കളി പൂര്‍ണമായി നഷ്ടപ്പെട്ടെങ്കിലും നാലാം ദിനത്തില്‍ തന്നെ പോരാട്ടം അവസാനിച്ചു. ഫലത്തില്‍ അഞ്ച് ദിവസത്തെ മത്സരം മൂന്ന് ദിവസം കൊണ്ട് അവസാനിച്ചു. ദക്ഷിണാഫ്രിക്കയെ 286 റണ്‍സില്‍ പുറത്താക്കിയ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 209 റണ്‍സില്‍ അവസാനിച്ചു. 77 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ നിരയുടെ പോരാട്ടം 130 റണ്‍സില്‍ തീര്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചു. 208 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ പോരാട്ടം 135 റണ്‍സില്‍ അവസാനിപ്പിച്ചാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നില്‍.
ആറ് വിക്കറ്റുകള്‍ വീഴ്ത്തി പേസര്‍ വെര്‍നോന്‍ ഫിലാന്‍ഡറുടെ പന്തുകള്‍ തീതുപ്പിയപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയി. വാലറ്റത്ത് 53 പന്തുകള്‍ നേരിട്ട് 37 റണ്‍സെടുത്ത ആര്‍ അശ്വിനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മുരളി വിജയ് (13), ശിഖര്‍ ധവാന്‍ (16), ചേതേശ്വര്‍ പൂജാര (നാല്), വിരാട് കോഹ്‌ലി (28), രോഹിത് ശര്‍മ (10), വൃദ്ധിമാന്‍ സാഹ (എട്ട്), ഹര്‍ദിക് പാണ്ഡ്യ (ഒന്ന്), മുഹമ്മദ് ഷമി (നാല്), ബുമ്‌റ (പൂജ്യം) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകനം. 41 പന്തുകള്‍ നേരിട്ട് 13 റണ്‍സുമായി ഭുവനേശ്വര്‍ കുമാര്‍ പുറത്താകാതെ നിന്നു. ഫിലാന്‍ഡര്‍ ആറ് വിക്കറ്റുകളുമായി കളം നിറഞ്ഞപ്പോള്‍ മോണ്‍ മോര്‍കല്‍, റബാഡ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി ശേഷിച്ചവ പങ്കിട്ടു. ഫിലാന്‍ഡറാണ് കളിയിലെ കേമന്‍.
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. 142 റണ്‍സ് ലീഡുമായി നാലാം ദിനം ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ പവലിയനിലേക്ക് ഘോഷയാത്ര നടത്തുകയായിരുന്നു പിന്നീട്. അഞ്ചാമനായി ക്രീസിലെത്തിയ ഡിവില്ല്യേഴ്‌സ് മാത്രമാണ് ഇന്ത്യന്‍ പേസിനെ ചെറുത്തത്. 41ാം ഓവറിന്റെ രണ്ടാം പന്തില്‍ ഏറ്റവും അവസാന വിക്കറ്റായി മടങ്ങിയതും ഡിവില്ല്യേഴ്‌സായിരുന്നു. താരം 50 പന്തുകള്‍ നേരിട്ട് 35 റണ്‍സ് കണ്ടെത്തി ടോപ് സ്‌കോററായി. മാര്‍ക്രം (34), എല്‍ഗാര്‍ (25), വാലറ്റത്ത് കേശവ് മഹാരാജ് (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. റബാഡ (അഞ്ച്), ഹാഷിം അംല (നാല്), ഡുപ്ലെസിസ് (പൂജ്യം), ക്വിന്റന്‍ ഡി കോക്ക് (എട്ട്), ഫിലാന്‍ഡര്‍ (പൂജ്യം), മോര്‍കല്‍ (രണ്ട്) എന്നിവര്‍ ക്ഷണത്തില്‍ കൂടാരം കയറി. ഇന്ത്യക്കായി മുഹമ്മദ് ഷമി, ബുമ്‌റ എന്നിവര്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍, പാണ്ഡ്യ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ പോക്കറ്റിലാക്കി.
രണ്ടാം ഇന്നിങ്‌സിലെ 20 വിക്കറ്റുകളും ഇരു ടീമിലേയും പേസര്‍മാര്‍ പങ്കിട്ടു. ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനും ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജിനും വിക്കറ്റൊന്നും ലഭിച്ചില്ല. പേസര്‍മാരെ കൈയയച്ച് സഹായിച്ച പിച്ചില്‍ ബാറ്റിങ് നിരയ്ക്ക് നാണംകെട്ട് കീഴടങ്ങാന്‍ മാത്രമായിരുന്നു യോഗം. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം 13 മുതല്‍ 17 വരെ സഞ്ചൂറിയനില്‍ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."