ഫലം കാണാതെ അക്കാദമി സമരത്തില്‍ നിന്നു പിന്മാറില്ലെന്ന് വിദ്യാര്‍ഥി സംഘടനകള്‍
പേരൂര്‍ക്കട: ലോ അക്കാദമി സമരം ഒരു മാസത്തോടടുക്കുമ്പോള്‍ സമരം ഫലം കാണാതെ പിന്മാറില്ലെന്നുറച്ച് വിദ്യാര്‍ഥി സംഘടനകള്‍. ഇവരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സമരം നടത്തുന്ന നേതാക്കളും പ്രിന്‍സിപ്പലിന്റെ രാജിയല്ലാതെ മറ്റൊരു ഉപാധിക്കും കീഴടങ്ങില്ലെന്ന് ഉറച്ച നിലപാടിലാണ്. കോണ്‍ഗ്രസിന്റെ കെ. മുരളീധരന്റെയും ബി.ജെ.പിയുടെ വി.വി രാജേഷിന്റേയും സമരപന്തലുകള്‍ സജീവമാണ്. മുരളീധരന് പിന്തുണയുമായി പാര്‍ട്ടിയുടെ മൂന്ന് പ്രധാന നേതാക്കളും സമരപന്തലിലെത്തി. വി.എം സുധീരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് സമരപന്തലിലെത്തി മുരളിയുടെ സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കിയത്.
ധര്‍മ്മസമരം വിജയിക്കുവാന്‍ എല്ലാവിധ ആശംസകള്‍ നേരുന്നതായി സുധീരനും സമരംഅവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ഉമ്മന്‍ചാണ്ടിയും പ്രസ്താവിച്ചു. പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാന്‍ കാലതാമസം വരുത്തുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. കോഴിക്കോട് ജില്ലയില്‍ നിന്നുള്‍പ്പെടെ ഒട്ടേറെ പ്രവര്‍ത്തകരും മുരളിയെ കാണാനെത്തി.
ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമരവേദിയില്‍ സജീവമായിരുന്നു. വി.വി രാജേഷിന്റെ ആരോഗ്യനില മനസ്സിലാക്കിയ ശേഷം സമരം മുന്നോട്ടുകൊണ്ടുപോകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തശേഷമാണ് കുമ്മനം മടങ്ങിയത്. കണ്ണൂരില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇവിടെ എത്തിയിരുന്നു.സമരസമിതി കണ്‍വീനര്‍ സി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരം വിജയിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്. ഇതിനിടെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി ഇന്നു വിദ്യാഭ്യാസമന്ത്രി ചര്‍ച്ച വച്ചിരിക്കുന്നത് പ്രതീക്ഷയ്ക്കു വകനല്‍കുന്നുണ്ട്.
ഇതിനിടെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകനും എസ്.എ.പി ക്യാമ്പിലെ പൊലിസുകാരനും തമ്മിലടിച്ചത് പ്രശ്‌നങ്ങളുണ്ടാക്കി. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന ഉറച്ച നിലപാടിലാണ് മാനേജ്‌മെന്റ്. ക്ലാസുകള്‍ തുടങ്ങുന്ന പക്ഷം ഹാജരായിരിക്കുമെന്ന് എസ്.എഫ്.ഐയും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."