ആറ് കഥകള്‍
ഒന്ന് രാജ്യദ്രോഹി
എല്ലാവരും ഉറങ്ങിയിട്ടും അച്ഛന്‍ മാത്രം ഉറങ്ങാതെ ആരെയോ കാത്തിരിക്കുന്നു. കുട്ടിക്ക് സംശയമായി. കുറേ നാളായി അച്ഛനിത് തുടരുന്നു. അച്ഛനോടു ചോദിക്കാന്‍ ധൈര്യമില്ല. അമ്മ കൈമലര്‍ത്തി. അവന്‍ ഉറക്കമൊഴിഞ്ഞു കാത്തിരുന്നു. പാതിരാത്രി കണ്ടു. അടുക്കളയിലെ മാലിന്യപൊതിയുമായി അച്ഛന്‍ പതുങ്ങി പതുങ്ങി... അടുത്ത പറമ്പില്‍ കൊണ്ടിട്ട് ധൃതിയില്‍ തിരിച്ചുവന്ന് വാതിലടക്കുന്നു. അവനു തോന്നി. രാജ്യദ്രോഹി...
രണ്ട് സ്വര്‍ഗം
പരലോകത്ത് എത്തിയപ്പോള്‍ ദൈവം സ്വര്‍ഗം പൊളിച്ചുമാറ്റുന്നതാണ് കണ്ടത്. ചോദിച്ചപ്പോള്‍ പറഞ്ഞു. ഇവിടെ ആരും വരാറില്ല. നരകത്തിലാണെങ്കില്‍ സ്ഥലവുമില്ല, നരകത്തിന്റെ വലിപ്പം കൂട്ടാനാണ് സ്വര്‍ഗം പൊളിച്ചുമാറ്റുന്നത്.
മൂന്ന് ദാമ്പത്യം
കടക്കാരുടെ ഭീഷണി ഭയന്ന് അയാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. കയറിന് കുടുക്കിടുന്നതു കണ്ട് ഭാര്യയും മകളും കരഞ്ഞ് അയാളെ തടഞ്ഞു. 'വേണ്ട നിങ്ങളുടെ മുതലക്കണ്ണീര്‍. കണ്ണ് പോയാലേ കണ്ണിന്റെ വിലയറിയൂ'.
അയാള്‍ തൂങ്ങി മരിക്കാനുള്ള കയറിന്റെ ബലം പരിശോധിക്കുന്നതിനിടയിലാണ് ലോട്ടറിക്കാരന്റെ വരവ്.
'കേശവേട്ടാ നിങ്ങള്‍ രക്ഷപ്പെട്ടു. എട്ടു കോടിയുടെ ലോട്ടറി നിങ്ങള്‍ക്കാണ് അടിച്ചത്'. അതു കേട്ടതും അയാള്‍ പുറത്തേക്കോടി. ഭാര്യ മകളോടു പറഞ്ഞു. 'കാലമാടന് വരാന്‍ കണ്ട നേരം'.
നാല് മാലിന്യം
പഴയ സാധനങ്ങള്‍ വാങ്ങാന്‍ വന്ന തമിഴനോട് മകന്റെ ഭാര്യ പറഞ്ഞു. വെയ്റ്റ്... ഞാനൊന്നു നോക്കട്ടെ. അകത്തേക്കു പോയി ഭര്‍ത്താവിന്റെ അമ്മയെ വാരിയെടുത്ത് പുറത്തു കൊണ്ടിട്ടു. ഒന്നും തരണ്ട, ഇത് കൊണ്ടുപോയാല്‍ മതി.
അഞ്ച് പെന്‍ഷന്‍
ബംഗളൂരില്‍ ഐ.ടി ഉദ്യോഗസ്ഥനായ മകന്റെ കുടുംബത്തോടൊപ്പമാണ് റിട്ടയേര്‍ഡ് അധ്യാപകനായ അയാളുടെ താമസം. മടുത്തപ്പോള്‍ അയാള്‍ മകനോടു പറഞ്ഞു.
'മോനേ എനിക്ക് നാട്ടില്‍ പോകണം, പെന്‍ഷന്‍ വാങ്ങണം'. മകന്‍ പരിഹാസത്തോടെ പറഞ്ഞു. 'എത്ര പൈസയാണ് അച്ഛന് കിട്ടാനുള്ളത്. അതിന്റെ ഇരട്ടിതുക അച്ഛനു വേണ്ടി ഞാനിവിടെ ചെലവാക്കുന്നുണ്ടല്ലോ. അതു പോരെങ്കില്‍ പറഞ്ഞാല്‍ പോരേ ശമ്പളം കൂട്ടിത്തരാലോ'.
ആറ് ഫെമിനിസം
മകന്റെ ഭാര്യ പറഞ്ഞു. 'ഞാനും ഒരു പെണ്ണല്ലേ'. അയാള്‍ അമ്പരപ്പോടെ മകന്റെ ഭാര്യയെ നോക്കി. അമ്പരന്നിരിക്കുമ്പോള്‍ വീണ്ടും കേട്ടു. 'ഞാനൊരു പെണ്ണല്ലേ, നിങ്ങളുടെ മോന്‍ പോയിട്ട് കൊല്ലം അഞ്ചായില്ലെ?' അയാള്‍ക്ക് അതിനുത്തരമില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."