പ്രൊഫസര്‍ പദവി: വിദ്യാഭ്യാസ മന്ത്രി നിയമലംഘനം നടത്തുന്നെന്ന് വി.ടി ബല്‍റാം
മലപ്പുറം: സ്വന്തം കാര്യത്തില്‍ നിയമലംഘനം നടത്തുന്ന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ലോ അക്കാദമി വിഷയത്തില്‍ നടപടിയെടുക്കാത്തതില്‍ അത്ഭുതമില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. കേരളത്തിലെ നിരവധി സര്‍വകലാശാലകളുടെ പ്രോ ചാന്‍സലറായ വിദ്യാഭ്യാസമന്ത്രി യു.ജി.സി നിയമങ്ങള്‍ ലംഘിച്ച് പദവികള്‍ അവകാശപ്പെടുന്നത് ലജ്ജാകരമാണെന്നും സി രവീന്ദ്രനാഥ് ഇല്ലാത്ത പദവി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി. മന്ത്രി പേരിനൊപ്പം പ്രൊഫസര്‍ പദവി ചേര്‍ക്കുന്നത് എന്ത് അധികാരത്തിലാണെന്ന് ബല്‍റാം ചോദിച്ചു. എയ്ഡഡ് കോളജ് അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി ചേര്‍ക്കാന്‍ യു.ജി.സി ചട്ടങ്ങള്‍ അനുവദിക്കില്ലെന്ന് നിയമസഭയിലെ ചോദ്യത്തിനുത്തരമായി മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കെ, അദ്ദേഹം തന്നെ പേരിനൊപ്പം പ്രൊഫസര്‍ എന്നു ചേര്‍ക്കുന്നതിനെയാണ് ബല്‍റാം ചോദ്യം ചെയ്യുന്നത്.
പ്രൊഫസര്‍ പദവി അനുവദിക്കാനുള്ള യു.ജി.സി ചട്ടങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മന്ത്രി നല്‍കിയ ഉത്തരത്തിന്റെ പകര്‍പ്പും ബല്‍റാം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
എയ്ഡഡ് കോളജ് അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കുന്നില്ലെന്ന മന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയിലും മന്ത്രി 'പ്രൊഫസര്‍ രവീന്ദ്രനാഥ്' എന്നാണ് കാണിച്ചിട്ടുള്ളതെന്നും ബല്‍റാം പറയുന്നു. എയ്ഡഡ് കോളജായ തൃശൂര്‍ സെന്റ് തോമസ് കോളജിലെ അധ്യാപകനായിരുന്ന രവീന്ദ്രനാഥിന് യു.ജി.സി ചട്ടപ്രകാരം പേരിനൊപ്പം പ്രൊഫസര്‍ പദവി ചേര്‍ക്കാനാകില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ പോസ്റ്റ്. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതില്ലേ എന്ന ചോദ്യത്തിന് 'ബാധകമല്ല' എന്ന മറുപടിയാണ് നല്‍കിയതെന്നും ബല്‍റാം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."