ബജറ്റ് പ്രഖ്യാപനങ്ങള്‍ പുനഃപ്പരിശോധിക്കണം: ബി.എം.എസ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി ബി.എം.എസ്. പാവപ്പെട്ടവരെയും സാധാരണക്കാരെയും സര്‍ക്കാര്‍ അവഗണിച്ചെന്ന് ബി.എം.എസ് ജനറല്‍ സെക്രട്ടറി ബ്രിജേഷ് ഉപാധ്യായ ആരോപിച്ചു. കേന്ദ്രബജറ്റ് രാജ്യത്തെ സാധാരണക്കാരെയും അസംഘടിത തൊഴിലാളികളെയും ദരിദ്രരെയും അവഗണിച്ചിരിക്കുകയാണ്.
ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച കേന്ദ്ര തീരുമാനത്തെ പിന്തുണച്ച ഈ വിഭാഗം ബജറ്റില്‍ തീര്‍ത്തും അവഗണിക്കപ്പെട്ടത് പ്രതിഷേധാര്‍ഹമാണ്. ബജറ്റ് പ്രഖ്യാപനങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ പ്രഖ്യാപനങ്ങള്‍ പുനഃപ്പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിക്ക് കത്തെഴുതിയിട്ടുണ്ട്.
രാജ്യത്തെ ഏഴു പ്രമുഖ തൊഴിലാളി സംഘടനാ ഭാരവാഹികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് ബജറ്റ് വാഗ്ദാനങ്ങള്‍ പുനരാലോചിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയാറാകണം.
മധ്യവര്‍ഗത്തിലെ ഉപരിവിഭാഗത്തെ മാത്രമാണ് ബജറ്റ് പരിഗണിച്ചത്. നോട്ട് നിരോധനത്തിനു ശേഷം രണ്ടരലക്ഷം അസംഘടിത വ്യവസായ യൂനിറ്റുകള്‍ പൂട്ടേണ്ടിവന്നു.
റിയല്‍ എസ്‌റ്റേറ്റ് മേഖല തകര്‍ന്നു. ദിവസക്കൂലി വേതനക്കാര്‍ക്കും ജോലി നഷ്ടമായി. ബാങ്കുകളില്‍ കോടിക്കണക്കിനു രൂപ നിക്ഷേപിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ നോട്ട് നിരോധനം കൊണ്ട് തകര്‍ന്ന ഈ വിഭാഗക്കാര്‍ക്ക് ആശ്വാസമാവുന്ന നടപടികള്‍ ബജറ്റിലുണ്ടാകേണ്ടതായിരുന്നുവെന്നും ബ്രിജേഷ് ഉപാധ്യായ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."