കുറ്റിപ്പുറത്ത് കുഴിബോംബിന് പിന്നാലെ 445 വെടിയുണ്ടകളും കണ്ടെടുത്തു
കുറ്റിപ്പുറം: കുഴിബോംബുകള്‍ കണ്ടെത്തിയതിനുപിന്നാലെ കുറ്റിപ്പുറത്ത് വെടിയുണ്ടകളും കണ്ടെടുത്തു. കുറ്റിപ്പുറം പാലത്തിനുതാഴെ ചാക്കില്‍കെട്ടിയ നിലയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. 445 വെടിയുണ്ടകളും അനുബന്ധ സാമഗ്രികളുമാണ് കണ്ടെടുത്തത്. എസ്.എല്‍.ആര് റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് ഇന്നലെ വൈകിട്ടോടെ പുഴയില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് തിരൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പാലത്തിനുസമീപം പരിശോധന നടത്തി.
കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെനിന്ന് അഞ്ച് കുഴിബോംബുകള്‍ കണ്ടെത്തിയിരുന്നു. കുഴിബോംബുകള്‍ കണ്ടെത്തിയ സ്ഥലത്ത് ഇന്നലെ സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്. അതിര്‍ത്തിയില്‍ സൈന്യം ഉപയോഗിക്കുന്ന 'ക്ലെമോര്‍ മൈന്‍' വിഭാഗത്തില്‍പ്പെട്ട ബോംബുകളും ഇവയുടെ ബാഗുകളുമാണ് പാലത്തിനടിയില്‍ നിന്ന് ലഭിച്ചത്. ഇവിടെനിന്ന് ദിവസങ്ങള്‍ക്കുശേഷം വെടിയുണ്ടകള്‍ കണ്ടെത്തിയത് പൊലിസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
കുഴിബോംബുകള്‍ കണ്ടെത്തിയ കേസില്‍ കേരളാ പൊലിസിനെ കൂടാതെ ദേശീയ സുരക്ഷാ വിഭാഗവും സൈനിക രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ബോംബുകള്‍ ഇപ്പോള്‍ മലപ്പുറത്തെ എ.ആര് ക്യാംപില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അനേഷിക്കുന്നതിന് മലപ്പുറം ജില്ലയുടെ ചുമതലയുള്ള പാലക്കാട് പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."