ജനവാസ കേന്ദ്രത്തില്‍ സ്‌ഫോടനം: മൂന്നു വീടുകള്‍ക്കു വിള്ളല്‍
കാസര്‍കോട്: മംഗളൂരുവില്‍ നിന്നു കൊച്ചിയിലേക്കു പാചകവാതകം കടത്തിക്കൊണ്ടു പോകുന്നതിനു വേണ്ടി സ്ഥാപിക്കുന്ന പൈപ്പ് ലൈന്‍ വഴിയില്‍ നടത്തിയ സ്‌ഫോടനത്തില്‍ മൂന്നു വീടുകള്‍ക്കു വിള്ളല്‍ വീണു. ഒരു വീടിന്റെ മേല്‍ക്കൂരയില്‍ നിന്നു സിമന്റ് അടര്‍ന്നു വീണതു കുട്ടികള്‍ കിടന്നുറങ്ങുകയായിരുന്ന ബെഡിലേക്കാണ്. കുട്ടികള്‍ പരുക്കൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു.
കുണിയ കാനത്തില്‍ പ്രദേശത്ത് ഇന്നലെ രാവിലെ ആറോടെയാണു സംഭവം. നിരോധിത വെടിമരുന്നു ഉപയോഗിച്ചു സ്‌ഫോടനം നടത്തിയതിനെ തുടര്‍ന്നുണ്ടായ പ്രകമ്പനത്തില്‍ 30 മുതല്‍ എഴുപത് മീറ്റര്‍ അകലം വരെയുള്ള വീടുകളിലാണ് ചുവരില്‍ വിള്ളല്‍ വീണത്. ഹക്കിം കാനത്തില്‍, അന്‍വര്‍ തങ്ങള്‍, കെ.എം അഹമ്മദ് എന്നിവരുടെ വീടുകളുടെ ചുവരുകളിലാണു വിള്ളല്‍ വീണത്. ഹക്കിമിന്റെ വീട്ടിലെ കിടപ്പു മുറിയിലെ മേല്‍ക്കൂരയില്‍ നിന്നാണു സിമന്റ് കട്ട അടര്‍ന്നു വീണത്. ഹക്കിമിന്റെ വീട്ടിലെ രണ്ടു കിടപ്പു മുറി, ഡൈനിങ് ഹാള്‍ എന്നിവയുടെ ചുവരുകളും അന്‍വര്‍ തങ്ങളുടെ അടുക്കള ഭാഗത്തെ ചുവരും അഹമ്മദിന്റെ വീടിന്റെ ചുവരുകളിലുമാണ് വിള്ളലുകള്‍ ഉണ്ടായത്.
പൈപ്പ് കടന്നു പോകുന്ന വഴിയിലെ കുഴിയിലുള്ള കൂറ്റന്‍ കരിങ്കല്ലു തകര്‍ക്കാന്‍ ഗെയില്‍ തൊഴിലാളികള്‍ നിരോധിത സ്‌ഫോടക വസ്തു ഉപയോഗിക്കുകയായിരുന്നുവെന്നാണു സൂചന. കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ തൊഴിലാളികള്‍ കരിങ്കല്‍ പാളിയില്‍ ചെറു ദ്വാരങ്ങള്‍ ഉണ്ടാക്കുന്ന ജോലിയില്‍ മുഴുകിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതേ പറ്റി അന്വേഷിച്ചപ്പോള്‍ കരിങ്കല്ല് തകര്‍ക്കാന്‍ കെമിക്കല്‍ നിറക്കുന്നതിനു വേണ്ടിയാണ് ദ്വാരമുണ്ടാക്കുന്നതെന്നു തൊഴിലാളികള്‍ പ്രദേശവാസികളോട് പറഞ്ഞിരുന്നു.
അതേ സമയം, പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ സര്‍ക്കാറും കോടതിയും നിര്‍ദേശിച്ച യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കരാറെടുത്തവര്‍ ഇതു സ്ഥാപിക്കുന്നതെന്നും ആരോപണമുണ്ട്. പൈപ്പ് ലൈന്‍ കടന്നു പോകുന്ന ഭൂഉടമകള്‍ക്കു രണ്ടാഴ്ച മുമ്പെങ്കിലും രേഖാപരമായി വിവരം അറിയിക്കണമെന്ന ഉത്തരവും ജനവാസ കേന്ദ്രത്തിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കരുതെന്ന ഉത്തരവുമൊക്കെ കാറ്റില്‍ പറത്തിയാണ് ജോലി തുടരുന്നതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."