ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവ്
തൊടുപുഴ: കാലാവസ്ഥ അനുകൂലമായിട്ടും ടൂറിസം മേഖലയില്‍ കാര്യമായ നേട്ടമുണ്ടാക്കാനാവാതെ ഇടുക്കി ജില്ല. നോട്ട് നിരോധനവും സാമ്പത്തിക മേഖലയിലുണ്ടായ അസന്തുലിതാവസ്ഥയും മൂലം മുന്‍കൂട്ടി തയാറെടുപ്പുകള്‍ നടത്തിയ നിരവധി ട്രിപ്പുകളാണ് വിനോദ സഞ്ചാരികള്‍ മുടക്കിയിരിക്കുന്നത്.
നോട്ട് നിരോധനത്തിനു മുമ്പേ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി അടങ്ങുന്ന മേഖലകളിലെ റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളുമെല്ലാം ട്രാവല്‍ ഏജന്‍സികള്‍ മുഖേനയും വ്യക്തിപരമായുമെല്ലാം ആയിരക്കണക്കിനു ബുക്കിങ്ങുകള്‍ എത്തിയിരുന്നു.
ഈ ബുക്കിങ്ങുകള്‍ അധികവും ജനുവരി പകുതിയോടെ കാന്‍സലായതായി റിസോര്‍ട്ട് ഉടമകളും ടാക്‌സി ഡ്രൈവര്‍മാരും പറയുന്നു. ഇതോടെ, കടുത്ത പ്രതിസന്ധിയാണ് ജില്ലയിലെ ടൂറിസം മേഖല നേരിടുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മൂന്നാര്‍, തേക്കടി, വാഗമണ്‍ തുടങ്ങിയ മേഖലകളിലേക്ക് ടൂറിസ്റ്റുകളുടെ കുത്തൊഴുക്കായിരുന്നു. ഇവരില്‍ അധികവും ആഭ്യന്തര ടൂറിസ്റ്റുകളാണ്.
വിദേശ ടൂറിസ്റ്റുകളും കുറവല്ല. വടക്കേ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ ഇക്കുറി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നേര്‍ പകുതിപോലും ജില്ലയിലേക്ക് എത്തിയിട്ടില്ല. ടൂറിസം സീസണ്‍ അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കേ ഇനി കാര്യമായ നേട്ടമുണ്ടാവുമെന്ന പ്രതീക്ഷയുമില്ല. നേരത്തെ ചാര്‍ട്ട് ചെയ്ത വിദേശികള്‍ മാത്രമാണ് ഇക്കുറി വന്നുമടങ്ങുന്നത്. ഇവരില്‍ പല ഗ്രൂപ്പും ഇടുക്കിയിലേക്കു പ്രവേശിക്കാതെ കൊച്ചി, ആലപ്പുഴ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ചിലവഴിച്ചു മടങ്ങുകയാണ്. കേരളത്തില്‍ നിന്നുതന്നെയുള്ള യാത്രാപ്രിയരായ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ചെറു ഗ്രൂപ്പുകളും ഫാമിലികളുമാണ് ജില്ലയില്‍ ടൂറിസവുമായി ബന്ധപ്പെട്ടു ഉപജീവനം നടത്തുന്നവര്‍ക്ക് ആശ്രയമായിരിക്കുന്നത്.
ലക്ഷക്കണക്കിനു രൂപ വായ്പയെടുത്ത് ടൂറിസം സംരംഭങ്ങള്‍ തുടങ്ങിയ പലരും പൂട്ടലിന്റെ വക്കിലാണ്. തേക്കടിയില്‍ രണ്ടു റിസോര്‍ട്ടുകള്‍ ബാങ്ക് ജപ്തി ചെയ്തു. ലോണ്‍ അടയ്ക്കാന്‍ കഴിയാതെ വന്നതോടെ ബാങ്ക് സ്ഥാപനം റിക്കവറി ചെയ്യുകയായിരുന്നു. ആയിരക്കണക്കിനു ടാക്‌സി ഡ്രൈവര്‍മാരാണ് ടൂറിസവുമായി ബന്ധപ്പെട്ടു ജീവിക്കുന്നത്. ടൂറിസം സീസണിലാണ് ഇവരില്‍ അധികംപേരും വാഹനത്തിന്റെ സി.സി കുടിശ്ശിക തീര്‍ക്കുക. ഇത്തവണ അതുമുണ്ടായിട്ടില്ല. നിത്യ ചെലവിനുള്ള വകപോലും പലദിവസങ്ങളിലും ലഭിക്കുന്നില്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. പലരും വാഹനങ്ങള്‍ വിറ്റ് മറ്റു ജോലികളിലേക്കു തിരിഞ്ഞിട്ടുമുണ്ട്.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ദേശീയ, സംസ്ഥാന പാതകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടാറ്. ഇത് വഴിയോരക്കച്ചവടക്കാര്‍ക്കും ഏറെ ഗുണകരമായിരുന്നു. ഇക്കുറി വഴിവാണിഭക്കാര്‍ക്കും നഷ്ടങ്ങളുടെ കണക്കു മാത്രമാണ് നിരത്താനുള്ളത്.
കേരളത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസായ വിനോദ സഞ്ചാരമേഖലയില്‍ ഗണ്യമായ നേട്ടമുണ്ടാവുന്നത് ഇടുക്കിയുടെ ടൂറിസം പ്രദേശങ്ങളില്‍ നിന്നാണ്. ഇതില്‍ മുഖ്യമായും മൂന്നാറും തേക്കടിയുമാണ്. നോട്ട് നിരോധനമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി കുറച്ചൊന്നുമല്ല ടൂറിസം മേഖലയെ ബാധിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."