വേളം, ആയഞ്ചേരി കോള്‍നിലം പദ്ധതി പാതിവഴിയില്‍ നിലച്ചു
കുറ്റ്യാടി: പത്തുവര്‍ഷം മുന്‍പ് തുടങ്ങിയ വേളം, ആയഞ്ചേരി കോള്‍നിലം പദ്ധതി പാതിവഴിയില്‍ നിലച്ചു. കതിരണിയുന്നതും കാത്ത് നാട്ടുകാര്‍. ജില്ലക്ക് ആവശ്യമായ നെല്ല് ജില്ലയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്താണ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടും നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയും കോള്‍ നില വികസന പദ്ധതിക്ക് തുടക്കമിട്ടത്. 25 വര്‍ഷം മുന്‍പ് നല്ലനിലയില്‍ നെല്‍കൃഷി ചെയ്തിരുന്ന ഈ പാടശേഖരത്തില്‍ വെള്ളക്കെട്ട് വ്യാപിച്ചതും പായല്‍ പടര്‍ന്ന്പിടിച്ചതും അട്ടശല്യം രൂക്ഷമായതും നെല്‍കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചു.
ഇതിനു പുറമെ നെല്‍കൃഷി നഷ്ടമാവാന്‍ തുടങ്ങിയതോടെ നെല്‍കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറുകയായിരുന്നു. വര്‍ഷങ്ങളായി തരിശ്ശായി കിടക്കുന്ന ഏതാണ്ട് 1500ഹെക്ടര്‍ പാടശേഖരം കൃഷി യോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
മൂന്നരക്കോടി രൂപയാണ് പദ്ധതിക്കായി നബാര്‍ഡ് അനുവദിച്ചത്.പദ്ധതിയുടെ ഭാഗമായി തോട് നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായത്. പാടങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയാന്‍ നിര്‍മിച്ച തോട്ടില്‍ തടയണ നിര്‍മാണം എങ്ങുമെത്തിയില്ല.
തടയണ ഇല്ലാത്തത് കാരണം കടുത്ത ജലക്ഷാമമാണ് ഈ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നത്. അവശേഷിക്കുന്ന വെള്ളം ഒഴുകിപ്പോകുന്നത് കാരണം സമീപപ്രദേശങ്ങിലെ കിണറുകളിലെ ജലവിതാനവും താണുതുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു. ഇതിനു പുറമെ പുഴയില്‍ നിന്ന് പാടത്തേക്ക് ഉപ്പു വെള്ളം കയറുന്നത് തടയാനും തടയണ അനിവാര്യമാണ്. ആലപ്പുഴയിലെ കോള്‍നിലങ്ങള്‍ കൃഷിയോഗ്യമാക്കിയതിന്റെ മാതൃകയില്‍ വേളം കോള്‍ നിലം കൃഷിയോഗ്യമാക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്.
എന്നാല്‍ പദ്ധതി എങ്ങുമെത്തിക്കാന്‍ കഴിയാതെ പാതിവഴിയില്‍ നിലക്കുകയായിരുന്നു. അതേ സമയം തൊട്ടടുത്ത പേരാമ്പ്ര മണ്ഡലത്തിലെ ഏക്കറുകണക്കിന് വയലുകള്‍ കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം മുഖ്യമന്ത്രി നേരിട്ടെത്തി വിത്തിറക്കിയിരുന്നു. ജനകീയ പങ്കാളിത്തത്തോടെ നടന്ന വിത്തിടല്‍ നാടിന്റെ ഉല്‍സവമായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് വേളം, ആയഞ്ചേരി കോള്‍നിലവും കതിരണിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കര്‍ഷകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."