നിലമ്പൂരില്‍ കഞ്ചാവുമായി വിദ്യാര്‍ഥികള്‍ പിടിയില്‍
നിലമ്പൂര്‍: കഞ്ചാവുമായി വിദ്യാര്‍ഥികള്‍ എക്‌സൈസിന്റെ വലയിലായി. എക്‌സെസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ പിടിയിലായത്. രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടികള്‍ക്ക് ബോധവല്‍കരണം നടത്തിയാണ് വിട്ടത്.
സ്‌കൂള്‍, കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന തകൃതിയാണ്. കഞ്ചാവു വില്‍പന സംഘത്തെക്കുറിച്ച് എക്‌സൈസിന് സൂചന ലഭിച്ചതായാണ് വിവരം. ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം, ഇടിവണ്ണ എന്നിവിടങ്ങളില്‍ പട്ടാപ്പകലും കഞ്ചാവ് വില്‍പന തകൃതിയായിട്ടുണ്ട്. ഓട്ടോറിക്ഷകളിലും ബൈക്കുകളിലുമായാണ് ചില്ലറ വില്‍പനക്കാര്‍ കഞ്ചാവ് എത്തിക്കുന്നത്. അകമ്പാടം, ഇടിവണ്ണ പ്രദേശവാസികളെ മറയാക്കിയാണ് വില്‍പന നടത്തുന്നത്.
വൈകിട്ട് നാലോടെ കഞ്ചാവുമായെത്തുന്ന സംഘം ഇടിവണ്ണ കരിമ്പായി കോട്ട റോഡ്, മൂലേപ്പാടം പാലം, മൂലേപ്പാടം ഹെല്‍ത്ത് സെന്റര്‍ പരിസരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പന നടത്തുന്നത്. പ്രദേശത്തെ തൊഴിലാളികള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പന. വര്‍ഷങ്ങളായി കഞ്ചാവു വില്‍പന നടത്തുന്നവരും കൂട്ടത്തിലുണ്ട്.
നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസും എക്‌സൈസും കഞ്ചാവു വില്‍പന നടത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിരുന്നുവെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല. ഇടുക്കി, അട്ടപ്പാടി എന്നിവിടങ്ങള്‍ക്കു പുറമെ തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി കഞ്ചാവ് മലയോരത്തേക്ക് ഒഴുകുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിലമ്പൂര്‍ മേഖലയില്‍ ഒരു ഡസനിലധികം കേസുകളാണ് കഞ്ചാവുമായി നിലമ്പൂര്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."