ടോംസ് കോളജ് നാളെ മുതല്‍ തുറക്കില്ല, വിദ്യാര്‍ഥികള്‍ക്ക് മറ്റു കോളജുകളില്‍ പ്രവേശനം നല്‍കും
തിരുവനന്തപുരം: വിദ്യാര്‍ഥി പീഡനവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ നേരിടുന്ന കോട്ടയം പാമ്പാടിയിലെ മറ്റക്കര ടോംസ് കോളജ് നാളെ മുതല്‍ തുറക്കില്ല. നിലവിലെ വിദ്യാര്‍ഥികള്‍ക്ക് മറ്റു കോളജുകളില്‍ പ്രവേശനം നല്‍കുമെന്ന് സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ അറിയിച്ചു. വിദ്യാര്‍ഥികളും രക്ഷിതാക്കളും കോളേജിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.
അടുത്ത അധ്യയനവര്‍ഷം കോളജിന്റെ അഫിലിയേഷന്‍ പുതുക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സാങ്കേതിക സര്‍വകലാശാലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. കോളജിലെ വിദ്യാര്‍ഥി പീഡനത്തെപ്പറ്റി അന്വേഷണം നടത്തിയ സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാര്‍ വി സി പത്മകുമാറും പരീക്ഷാ കണ്‍ട്രോളര്‍ എസ് ഷാബുവും അംഗങ്ങളായുള്ള സംഘത്തിന്റെ റിപോര്‍ട്ട് പരിഗണിച്ചായിരുന്നു തീരുമാനം.
പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു മാനസികപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ടോംസ് കോളജിനെതിരെ പരാതികളുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. വിദ്യാര്‍ഥികളെ കൊണ്ട് ബാത്ത്‌റൂം കഴുകിക്കുക, അവധിക്കാലത്തും ഹോസ്റ്റല്‍ ഫീസ് ഈടാക്കുക, അനാവശ്യമായി ഫൈന്‍ ഈടാക്കുക, ലേഡീസ് ഹോസ്റ്റലില്‍ കോളജ് ഉടമയുടെ അനാവശ്യ ഇടപെടല്‍ അടക്കമുള്ള പരാതികളാണ് വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് മൂന്നംഗസമിതി കോളജിലെത്തി വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മാനേജ്‌മെന്റില്‍ നിന്നും മൊഴിയെടുത്തിരുന്നു. ആദ്യഘട്ട തെളിവെടുപ്പിനുശേഷം കോളജിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."