ജില്ലാ ലീഗല്‍ സര്‍വിസ് സൊസൈറ്റി സംഘം വിലങ്ങാട് കോളനി സന്ദര്‍ശിച്ചു
നാദാപുരം: ദുരിതമനുഭവിക്കുന്ന വിലങ്ങാട് കോളനി നിവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വിസ് സൊസൈറ്റി സെക്രട്ടറി ആര്.എല്‍ ബൈജുവിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം കോളനി സന്ദര്‍ശിച്ചു. താലൂക്ക് ലീഗല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കുകയും പ്രശ്നങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച സബ്ജഡ്ജ് തന്നെ സ്ഥലം സന്ദര്‍ശിച്ചത്.
കോളനിയിലെത്തിയ സംഘത്തിനു മുന്‍പാകെ സന്നദ്ധ പ്രവര്‍ത്തകരും ജനപ്രതിനിധികളും പ്രദേശവാസികളുടെ ദുരിതജീവിതം അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ കോളനികളില്‍ ലഭ്യമല്ലാത്തതിനാല്‍ കുടിവെള്ളം, പാര്‍പ്പിടം എന്നിവയുടെ കാര്യം പരിതാപകരമാണ്. തുടര്‍ വിദ്യാഭ്യാസം നടത്താനുള്ള സൗകര്യമില്ലാത്തതിനാല്‍ പത്താം ക്ലാസിനു ശേഷം പ്രദേശവാസികളുടെ മക്കള്‍ പഠനം നടത്തുന്നില്ല.
കോളനിവാസികളില്‍ അധികവും മദ്യം, ലഹരിമരുന്ന്, പുകയില ഉല്പന്നങ്ങള് എന്നിവയുടെ അടിമകളാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടുള്ള സമ്പൂര്‍ണ യോഗം വിളിച്ചുചേര്‍ക്കാന്‍ ധാരണയായി. ഇതിനാവശ്യമായ പദ്ധതികള്‍ തയാറാക്കാന്‍ പഞ്ചായത്ത് ഭരണ സമിതിയുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും യോഗം വിളിച്ചുചേര്‍ക്കാനും സാമൂഹ്യ ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചു.
അധ്യാപകരും പ്രമോട്ടര്‍മാരും പഞ്ചായത്ത് മെമ്പര്‍മാരും ഉള്‍പ്പെടുന്ന സംഘം രാവിലെ 41 വീടുകള്‍ സന്ദര്‍ശിച്ച് കോളനിയുടെ അവസ്ഥാപഠനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയന് അധ്യക്ഷനായി. താലൂക്ക് ലീഗല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഡോ. അനില്‍കുമാര്‍, അഷ്റഫ് കൊറ്റാല, എം.കെ മജീദ്, എന്‍.പി ദേവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."