കെട്ടിടങ്ങളുടെ പാര്‍ക്കിങ് മേഖല കെട്ടിയടച്ചു
കുന്ദമംഗലം: കെട്ടിടങ്ങളുടെ പാര്‍ക്കിങ് ഏരിയകള്‍ കെട്ടിയടച്ചതിനെ തുടര്‍ന്നു കുന്ദമംഗലം ടൗണിലും പരിസരങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക്. സ്ഥാപനങ്ങളിലേക്കെത്തുന്ന വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണം.
വ്യാപാരാവശ്യത്തിനുള്ള കെട്ടിടനിര്‍മാണ അനുമതി രേഖകളില്‍ പാര്‍ക്കിങ്ങിനായി മാറ്റിവച്ച സ്ഥലം മറ്റാവശ്യങ്ങള്‍ക്കായി വാടകയ്ക്കു നല്‍കുകയും പാര്‍ക്കിങ് ഏരിയകളില്‍ അതതു കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരടക്കമുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് അനുമതി നല്‍കാത്തതുമാണ് കുന്ദമംഗലം ടൗണില്‍ വീണ്ടും വാഹനങ്ങളുടെ തിരക്കു വര്‍ധിക്കാന്‍ കാരണം.
തിരക്കേറിയ സമയങ്ങളില്‍ ടൗണിനോടു ചേര്‍ന്നുള്ള സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ കയറ്റുന്നതിനുള്ള വാഹനങ്ങളും ടൗണിലെത്തുന്ന മറ്റു വാഹനങ്ങളും വരുന്നതോടെ തിരക്ക് രൂക്ഷമാവുകയാണ്. നേരത്തെ പൊലിസിന്റെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിലുള്ള ഗതാഗത അവലോകന യോഗത്തില്‍ നിയമലംഘനം നടത്തിയ കെട്ടിടങ്ങളില്‍ പരിശോധന നടത്താനും അതതു കെട്ടിടങ്ങളിലെ പൊതുപാര്‍ക്കിങ് സൗകര്യം ഉപയോഗപ്പെടുത്താനും തീരുമാനിച്ചിരുന്നു.
ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ കുന്ദമംഗലം ടൗണിലെ ചില ഭാഗങ്ങളിലും പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലും പരിശോധന നടത്തുകയും ചെയ്തിരുന്നു.
കുന്ദമംഗലം ടൗണില്‍ വിപുലമായ പാര്‍ക്കിങ് ഏരിയകളുള്ള കെട്ടിടങ്ങള്‍ പോലും ഇത്തരത്തില്‍ പാര്‍ക്കിങ് ഏരിയകള്‍ അടച്ചതുമൂലം ടൗണില്‍ ഗാതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കെട്ടിടങ്ങളില്‍ പരിശോധന നടത്തി പാര്‍ക്കിങ് ഏരിയകള്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചിരുന്നത്.
ഒരു പ്രധാന സഹകരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കെത്തുന്ന വാഹനങ്ങള്‍ പാര്‍ക്കിങ് ഏരിയയിലേക്ക് പ്രവേശിപ്പിക്കാതെ പാര്‍ക്കിങ് പുറത്താക്കിയതാണ് ഇപ്പോള്‍ പ്രശ്‌നം രൂക്ഷമാകുന്നതിനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."