റിപ്പോര്‍ട്ട് കര്‍ദിനാളിനെ സംരക്ഷിച്ച് സഭയുടെ വിവാദ ഭൂമി വില്പന; പ്രക്ഷോഭത്തിന് പുതിയ സംഘടന
കൊച്ചി: അതിരൂപതയിലെ വിവാദമായ ഭൂമി വില്പന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാര്‍ സഭയിലെ വൈദികരും വിശ്വാസികളും ചേര്‍ന്ന് പുതിയ സംഘടനക്ക് രൂപം നല്കി. ആര്‍ച്ച് ഡയോസിസ് മൂവ്മെന്റ് ഫോര്‍ ട്രാന്സ്പെരന്സിയെന്ന പേരിലാണ് സംഘടന.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ അല്മായ വിശ്വാസികളുമായി ചേര്‍ന്നാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.
ഫാ. അഗസ്റ്റിന് വട്ടോളിയാണ് മുഖ്യ സംഘാടകന്‍. ഇന്നലെ കൊച്ചി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന പ്രഥമയോഗത്തില്‍ ഭൂമി ഇടപാട് ഒതുക്കിത്തീര്‍ക്കാനുള്ള സഭയുടെ നീക്കങ്ങള്‍ക്കെതിരേ പരസ്യ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ആറു ദിവസമായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടരുന്ന അടിയന്തര സഭാ സിനഡ് യോഗം സമാപിക്കുന്നതിന് തൊട്ടുമുന്‍പാണ് കൊച്ചിയില്‍ തന്നെ വൈദികര്‍ സമാന്തരമായി യോഗം ചേര്‍ന്ന് പുതിയ സംഘടനക്ക് രൂപം നല്‍കിയിരിക്കുന്നത്.
ഇതിനിടെ വിവാദമായ ഭൂമിവില്പന അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സീറോ മലബാര്‍ സിനഡ് നിര്‍ദേശിച്ചു. ഭൂമി വില്പന വിഷയം ദു:ഖകരമാണെന്നും സിനഡ് വിലയിരുത്തി. വിഷയം പരിഹരിക്കാന്‍ അങ്കമാലി അതിരൂപത സഹായ മെത്രാനും പ്രോട്ടോസിഞ്ചല്ലൂസുമായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ സിനഡ് നിയോഗിച്ചു. പ്രശ്നത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നേരത്തെ അതിരൂപതിയലെ വൈദിക സമിതി സിനഡിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിനഡ് മാര്‍ മാത്യൂ മൂലക്കാട്ടിനെ കണ്‍വീനറാക്കി അഞ്ചംഗ മെത്രാന് സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മെത്രാന് സമിതി വൈദികസമിതിയില്‍ നിന്നടക്കം വിവരങ്ങള്‍ തേടുകയും റിപ്പോര്‍ട്ട് സിനഡ് മുന്‍പാകെ ചര്‍ച്ചയ്ക്കു വയ്ക്കുകയുമായിരുന്നു.
എന്നാല്‍, കുറ്റാരോപിതനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സംരക്ഷിച്ചുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്നാണ് സൂചനകള്‍. ഈ സാഹചര്യത്തിലാണ് ഒരുവിഭാഗം വൈദികര്‍ കര്‍ക്കശ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. കര്‍ദിനാളിനെതിരേ ഗരുതരമായ കണ്ടത്തലുകള്‍ ഒന്നും ഇടക്കാല റിപ്പോര്‍ട്ടിലില്ലെന്നാണ് സൂചന. ഭൂമി ഇടപാടിന്റെ പണം വാങ്ങിയെടുക്കുന്നതില്‍ ചില സൂക്ഷ്മതക്കുറവ് ഉണ്ടായെന്നുമാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. സഭയിലെ പ്രശനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചത് ചില വൈദികരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഭൂമിയിടപാട് സംബന്ധിച്ച വിവാദം സിനഡ് യോഗം പ്രധാന അജന്‍ഡയായി പരിഗണിച്ചിരുന്നില്ല. എന്നാല്‍, പ്രത്യേക വിഷയമായെടുത്ത് പ്രശ്ന പരിഹാരത്തിന് കമ്മിഷനെ നിയോഗിക്കുകയാണ് ചെയ്തത്. ഒപ്പം റിപ്പോര്‍ട്ട് വേഗത്തില്‍ നല്കാന് സിനഡ് ആവശ്യപ്പെടുകയുമായിരുന്നു. കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും സിനഡ് സമാപിക്കുന്നത് കണക്കിലെടുത്ത് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."