അനാരോഗ്യ കേന്ദ്രമായി പാറക്കടവ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍
പാറക്കടവ്: മലയോര മേഖല ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ നിന്നുള്ളവര്‍ ആശ്രയിക്കുന്ന പാറക്കടവ് ഹെല്‍ത്ത് സെന്റര്‍ അവഗണനയില്‍. ദിവസേന ഇരുന്നൂറ്റി അന്‍പതോളം രോഗികള്‍ ഇവിടെ ചികിത്സക്കെത്തുന്നുണ്ട്. നിരവധി ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവിടെ അഡ്‌ഹോക്ക് ഡോക്ടറുടെ കീഴിലാണ് സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നത്.
കഴിഞ്ഞ മാസം ഒരു സ്ഥിരം ഡോക്ടറെ നിയമിച്ചെങ്കിലും അയാള്‍ സ്ഥലം മാറി പോയി. ഇപ്പോള്‍ താല്‍ക്കാലിക വേതനത്തിന് ജോലിക്കെത്തുന്ന ഡോക്ടറാണുള്ളത്. ചെക്യാട് പഞ്ചായത്തിലേയും തൊട്ടടുത്ത കണ്ണൂര്‍ ജില്ലയിലെ കല്ലിക്കണ്ടി, തൃപ്പങ്ങോട്ടൂര്‍ ഭാഗങ്ങളിലുള്ളവരുമാണ് ഇവിടെ ചികിത്സക്ക് എത്തുന്നതില്‍ ഭൂരിഭാഗവും. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ മണ്ഡലത്തോട് തൊട്ടുകിടക്കുന്ന ഈ ആരോഗ്യ കേന്ദ്രത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള മുറവിളി തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി.
സുമനസുകളായ നാട്ടുകാര്‍ രംഗത്തിറങ്ങി മാലിന്യം നിറഞ്ഞ കിണര്‍ ശുചീകരിക്കുന്നതുള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്യുകയുണ്ടായി. നിലവില്‍ പഞ്ചായത്ത് അധികൃതരുടെ ശക്തമായ ഇടപെടല്‍ കാരണമാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് ഭരണസമിതി ഡോക്ടര്‍ക്ക് പ്രത്യേകമായ പരിശോധനാ മുറിയും കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏതാണ്ട് ഒരു ഏക്കറോളം സ്ഥലം സ്വന്തമായുള്ള ഇവിടെ വന്‍കിട ആരോഗ്യ പദ്ധതിക്ക് ആവശ്യമായ ഭൂമി ഉണ്ട്. ചെക്യാട്ടെ ബി.എസ്.എഫ് കേന്ദ്രത്തില്‍ നിന്നും എളുപ്പത്തില്‍ എത്തിപ്പെടാന്‍ പറ്റുമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഒരു ദിവസം ഒരു ഡോക്ടര്‍ക്ക് പരിശോധന നടത്താന്‍ കഴിയുന്നതിലധികം രോഗികള്‍ ഇവിടെ എത്തുന്നതിനാല്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാനുള്ള നാട്ടുകാരുടെ ആവശ്യവും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.
പ്രതിരോധ കുത്തിവെപ്പിനും മറ്റുമായി ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗവും സേവനം ലഭിക്കാതെ മടങ്ങി പോകുകയാണ് പതിവ്. അടിയന്തര ഘട്ടങ്ങളില്‍ ആറു കിലോമീറ്റര്‍ അകലെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
കിടത്തി ചികിത്സക്ക് ആവശ്യമായ കെട്ടിടം സ്ഥാപിക്കാനുള്ള സ്ഥലസൗകര്യവും ഇവിടെ ആരോഗ്യ വകുപ്പിന്റെ കൈവശമായി ഉണ്ട്. മുഴുവന്‍ സമയ ചികിത്സ കിട്ടുന്ന ആശുപത്രിയാക്കാനുള്ള നിവേദനങ്ങള്‍ പലപ്പോഴായി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
നിലവിലെ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡോക്ടരുടെ സേവനം ഉറപ്പ് വരുത്തുന്നതിനും വേണ്ടി നാട്ടുകാര്‍ കര്‍മസമിതിയുണ്ടാക്കി സമരരംഗത്ത് ഇറങ്ങാനുള്ള തയാറെടുപ്പിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."