'പള്ളിക്കല്‍ ബസാര്‍, ചേറൂര്‍ സംഭവങ്ങള്‍: പൊലിസ് നീതിപാലിച്ചില്ലെങ്കില്‍ പ്രക്ഷോഭം'
മലപ്പുറം: പള്ളിക്കല്‍ബസാര്‍ പള്ളി പ്രശ്‌നം, ചേറൂര്‍ മദ്‌റസ പ്രശ്‌നം എന്നിവയില്‍ പൊലിസും നിയമപാലകരും നീതിപാലിക്കാന്‍ തയാറായില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി.
പള്ളിക്കല്‍ ബസാറിലെ പള്ളി ഹൈക്കോടതി വിധിയിലൂടെയും വഖ്ഫ് ബോര്‍ഡ് നടപടികളിലുടെയും സമസ്തയ്ക്കനുകൂലമായി അന്തിമ തീരുമാനമായതാണ്. ഇതില്‍ രോഷാകുലരായ കാന്തപുരം വിഭാഗം പള്ളിയില്‍ കയറി നിസ്‌കരിക്കുന്നവരെ അക്രമിക്കുകയും അടിച്ചുവീഴ്ത്തുകയും സംഭവത്തില്‍ ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകുയും ചെയ്തിട്ടും ആ സംഭവത്തിലെ പ്രതികളെ പിടികൂടുന്നതിനു പകരം പരുക്കേറ്റവരെയും നിരപരാധികളെയും കേസിലുള്‍പ്പെടുത്തുകയും അര്‍ധരാത്രിയില്‍ വീടുകളില്‍ അതിക്രമിച്ചു കയറി അറസ്റ്റ് ചെയ്യുകയും ചെയ്തത് നീതീകരിക്കാനാകില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ചേറൂരില്‍ പതിറ്റാണ്ടുകളായി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസയില്‍ അതിക്രമിച്ചു കയറി കാന്തപുരം വിഭാഗം ഗുണ്ടാവിളയാട്ടം നടത്തി. അധികാരികളും അക്രമികള്‍ക്കു കൂട്ടുനില്‍ക്കുകയാണ്.
നിയമവും ന്യായവും സമസ്തയുടെ ഭാഗത്തായിട്ടും ഭരണസ്വാധീനമുപയോഗിച്ച് എന്തും ചെയ്യാനുള്ള നിലപാടില്‍ അക്രമികള്‍ മുന്നോട്ടുപോകുമ്പോള്‍ പൊലിസ് പക്ഷപാതം കാണിക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, പി.വി മുഹമ്മദ് മൗലവി, സി. അബ്ദുല്ല മൗലവി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, അബ്ദുറഹീം ചുഴലി, സി.കെ ഹിദായത്തുല്ല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."