കോടിക്കുളം ഗ്ലോബല്‍ സ്‌കൂളില്‍ സംഘര്‍ഷം: പ്രിന്‍സിപ്പലിനെ മാറ്റാനുള്ള നീക്കത്തിനെതിരേ രക്ഷാകര്‍ത്താക്കള്‍ രംഗത്ത്
തൊടുപുഴ: കോടിക്കുളം ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ്.ജെ.കാപ്പനെ കേസില്‍ കുടുക്കി തല്‍സ്ഥാനത്ത് നിന്ന് മാറ്റാനുള്ള മാനേജ്‌മെന്റ് നീക്കത്തിനെതിരെ പ്രതിഷേധവുമായി രക്ഷകര്‍ത്താക്കള്‍ രംഗത്ത്. രക്ഷകര്‍ത്താക്കളുടെ പരാതിയെ തുടര്‍ന്ന് കോടിക്കുളം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുമായി ചര്‍ച്ചക്ക് എത്തിയ മാനേജ്‌മെന്റ് പ്രതിനിധികളെയും കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി കുര്യാക്കോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രസന്നന്‍, ജില്ലാ പഞ്ചായത്തംഗം മനോജ് തങ്കപ്പനെയും പഞ്ചായത്ത് ഭരണസമിതിയംഗങ്ങളെയും ഡയറക്ട് ബോര്‍ഡംഗങ്ങളായ രാജു ജോസഫ്, സണ്ണി പോള്‍, റോയി പോള്‍, വിന്‍സന്റ്, സാബു, വിനോദ് എന്നിവരെയും പഞ്ചായത്ത് ഹാളില്‍ രക്ഷകര്‍ത്താക്കളും പ്രതിഷേധവുമായി എത്തിയ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരും നാല് മണിക്കൂറോളം തടഞ്ഞുവെച്ചു.
ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഏഴ് വര്‍ഷമായി കോടിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഗ്ലോവെല്‍ എഡ്യുകെയര്‍ ട്രസ്റ്റിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിന്റെ ആരംഭകാലം മുതല്‍ തോമസ് കാപ്പനാണ് സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിനെ തകര്‍ക്കാന്‍ ചില മാനേജ്‌മെന്റ് പ്രതിനിധികള്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രിന്‍സിപ്പലിനെ മാറ്റാനും സാമ്പത്തിക തിരിമറി നടത്തിയെന്ന് പറഞ്ഞ് കള്ളക്കേസില്‍ കുടുക്കാനും ശ്രമം നടക്കുന്നതെന്ന് രക്ഷകര്‍ത്താക്കള്‍ ആരോപിച്ചു.
കുട്ടികളുടെ ഫീസ് ഓരോ വര്‍ഷവും അമിതമായി വര്‍ധിപ്പിക്കുന്നതും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്തതും പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തതും ചില ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും ഇതിനുള്ള പ്രതികാരമായിട്ടാണ് കള്ളക്കേസില്‍ കുടുക്കി പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും രക്ഷകര്‍ത്താക്കള്‍ പറയുന്നു.
പഞ്ചായത്തധികൃതര്‍ മാനേജ്‌മെന്റ് പ്രതിനിധികളുമായി ബന്ധപ്പെടുകയും ഇന്നലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ഒരു മണിക്കൂറോളം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെങ്കിലും രക്ഷകര്‍ത്താക്കളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. ചര്‍ച്ച പരാജയപ്പെട്ടതോടെ ഒഫീസിന് മുന്നില്‍ തടിച്ചു കൂടിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള രക്ഷകര്‍ത്താക്കളും എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി അമല്‍ അശോകന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും ചര്‍ച്ച നടന്ന ഹാള്‍ ഉപരോധിക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ കാളിയാര്‍ സി .ഐ അഗസ്റ്റിയന്‍ മാത്യുവിന്റെയും എസ് .ഐ അസീസ് പി .കെ. യുടെയും നേതൃത്വത്തില്‍ വന്‍ പൊലിസും സ്ഥലത്തെത്തി.
സി ഐയുടെ നേതൃത്വത്തില്‍ അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും സ്‌കൂളില്‍ വന്ന് പി ടി എ ഭാരവാഹികളുമായി ചര്‍ച്ച നടത്താന്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ തയ്യാറല്ലെന്ന നിലപാടെടുത്തതോടെ സ്ത്രീകള്‍ ഹാളിനുള്ളിലേക്ക് തള്ളിക്കയറി ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരെ വളഞ്ഞുവച്ചു. ഇതോടെ കരിമണ്ണൂര്‍, കരിങ്കുന്നം, കാഞ്ഞാര്‍ എന്നിവടങ്ങളില്‍ നിന്ന് കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി.
ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കാത്തതോടെ കൂടുതല്‍ നാട്ടുകാരും രക്ഷകര്‍ത്താക്കളും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തടിച്ചു കൂടി. ഇതോടെ പൊലീസ് സംരക്ഷണയോടെ സ്‌കൂളിലെത്തി ചര്‍ച്ച നടത്താന്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ തയ്യാറായി.
രക്ഷകര്‍ത്താക്കള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ 11 ന് ചര്‍ച്ച നടത്തി തീരുമാനം ഉണ്ടാക്കാമെന്നും അതുവരെ പ്രിന്‍സിപ്പലിനെതിരെ യാതൊരുവിധ നടപടികളും സ്വീകരിക്കില്ലെന്നും മാനേജ്‌മെന്റ് ഭാരവാഹികള്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകരും പിരിഞ്ഞ് പോയത്.
ഉപരോധ സമരത്തിന് എ. ഐ. എസ് .എഫ് നേതാക്കളായ അമല്‍ അശോകന്‍, ടൈറ്റസ് കെ. ജെ, അതുല്‍ രാജ്, പ്രിന്‍സ്, അലക്‌സ്, പി. ടി .എ ആക്ടിംഗ് പ്രസിഡന്റ് അന്‍സാര്‍ അഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."