ബദിയടുക്കയില്‍ കൊല്ലപ്പെട്ടത് കര്‍ണാടക സ്വദേശിയെന്ന് ബന്ധുക്കള്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്ന് പൊലിസ്
ബദിയടുക്ക (കാസര്‍കോട്): രണ്ടാഴ്ച മുന്‍പ് പെര്‍ള കാട്ടുകുക്കെ പെര്‍ളത്തടുക്കയില്‍ അഴുകിയനിലയില്‍ കണ്ടെത്തിയ മൃതദേഹം കര്‍ണാടക സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കര്‍ണാടക ഗദഗ ജില്ലയിലെ അരുണാക്ഷിയിലെ ദേവപ്പ, കമലമ്മ ദമ്പതികളുടെ മകന്‍ ശരണപ്പ(26)യുടെതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
ശരണപ്പയുടെ ജ്യേഷ്ഠന്‍ ഭീമപ്പയും ബന്ധുക്കളുമാണ് കഴിഞ്ഞദിവസം സ്റ്റേഷനില്‍ എത്തിയത്. കഴുത്തിലുണ്ടായിരുന്ന ചരടും ഏലസും വസ്ത്രവും നോക്കി മൃതദേഹം തിരിച്ചറിയുകയായിരുന്നു. എന്നാല്‍, സ്ഥിരീകരണത്തിനായി ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്ന് പൊലിസ് അറിയിച്ചു. ശരണപ്പ വെല്‍ഡിങ് ജോലി ചെയ്തു വരികയായിരുന്നു. കാട്ടുകുക്കെയിലുള്ള വെല്‍ഡിങ് സ്ഥാപനത്തില്‍ ഇടയ്ക്കിടെ ജോലിക്കെത്തുകയും ചെയ്തിരുന്നു. ഇവിടെയുള്ള തൊഴിലാളികളും മൃതദേഹത്തില്‍ കണ്ട വസ്ത്രം ശരണപ്പയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്നു മാസം മുന്‍പാണ് ശരണപ്പ വീട്ടിലെത്തി മടങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ മാസം 30നാണ് കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ സ്വകാര്യവ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ പുലര്‍ച്ച അഞ്ചോടെ അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. തലയുടെ പിറകിലേറ്റ മുറിവാണ് മരണത്തിനു കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ പ്രദേശവാസികളായ നിരവധി പേരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ശരണപ്പയുടെ ബന്ധുക്കളോട് 18ന് വീണ്ടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലിസ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."