യുവതിയുടെ മരണം കൊലപാതകം: കൂടെ താമസിക്കുന്നയാള്‍ അറസ്റ്റില്‍
ഇരിട്ടി: യുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കര്‍ണാടക മാണ്ഡ്യ ജില്ലയിലെ തുംകൂര്‍ സ്വദേശിനിയായ ശോഭ കൊല്ലപ്പെട്ട കേസിലാണ് തുംകൂറിലെ മഞ്ജുനാഥ് (40) അറസ്റ്റിലായത്. കഴിഞ്ഞ 15ന് രാത്രി മഞ്ജുനാഥ് ശോഭയെ കഴുത്തു ഞെരിച്ചു കൊന്ന് കിണറ്റില്‍ ഇടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പ്രതിയുമായി പൊലിസ് തെളിവെടുപ്പ് നടത്തി. മഞ്ജുനാഥ് കൊല്ലപ്പെട്ട ശോഭയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവാണെന്നും കുറച്ചു മാസമായി ശോഭയോടൊപ്പമാണ് താമസമെന്നും പൊലിസ് പറയുന്നു.
കഴിഞ്ഞ ജനുവരി 21നാണ് ശോഭയുടെ മൃതദേഹം ഇരിട്ടി പഴയ പാലം റോഡിനു സമീപമുള്ള ഉപയോഗ ശൂന്യമായ കിണറ്റില്‍ കണ്ടെത്തുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ എത്തിയ ശോഭ രാജു എന്ന ഒരു മലയാളിക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു. ഇതില്‍ ആറുവയസ്സിന് താഴെയുള്ള രണ്ടു ആണ്‍മക്കളുണ്ട്. ഏതാണ്ട് ഒന്നര വര്‍ഷം മുന്‍പ് രാജു ശോഭയുമായി പിണങ്ങി പിരിഞ്ഞു. ഇതിനു ശേഷമാണ് തുംകൂറില്‍ ഭാര്യയും മക്കളുമുള്ള മഞ്ജുനാഥ് ശോഭയുടെ കൂടെ താമസം തുടങ്ങിയത്. ശോഭയുടെ ജഡം കണ്ടെത്തിയ കിണറിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കുടില്‍ കെട്ടിയായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലയ്ക്കു ശേഷം ശോഭയുടെ കുട്ടികളുമായി ഇയാള്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസിന്റെ അന്വേഷണ ചുമതലയുള്ള പേരാവൂര്‍ എസ്.ഐ സുനില്‍ കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."