അടുത്തവര്‍ഷം കൈത്തറി യൂനിഫോം സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളില്‍ മാത്രം
ചെറുവത്തൂര്‍: അടുത്ത അധ്യയന വര്‍ഷം മുഴുവന്‍ കുട്ടികള്‍ക്കും കൈത്തറി യൂനിഫോം നല്‍കുമെന്ന പ്രഖ്യാപനം നടപ്പിലാകില്ല. സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ആറുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും കൈത്തറി യൂനിഫോം ലഭിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.
സര്‍ക്കാര്‍, എയ്ഡഡ് വ്യത്യാസമില്ലാതെ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി കൈത്തറി യൂനിഫോം നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പിന്നീട് യൂനിഫോം വിതരണത്തിനായി എട്ടാംക്ലാസുവരെയുള്ള കുട്ടികളുടെ വിവരശേഖരണം നടത്തി. ഇരുപതിലധികം നിറങ്ങള്‍ നല്കി അതില്‍ നിന്നും വിദ്യാഭ്യാസ ഓഫിസര്‍മാരുടെ നിര്‍ദേശപ്രകാരം പ്രധാനാധ്യപകര്‍ യൂനിഫോം തെരഞ്ഞടുക്കുകയും ചെയ്തിരുന്നു. അടുത്ത അധ്യയന വര്‍ഷം സ്കൂള്‍ തുറക്കും മുന്‍പ് രണ്ടുജോഡി യൂനിഫോം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സ്കൂളധികൃതരുംകുട്ടികളും. എന്നാല്‍ പദ്ധതിയുടെ തുടക്കം എന്ന നിലയില്‍ മുഴുവന്‍ കുട്ടികള്‍ക്കും യൂനിഫോം നല്കുന്നതിനു പരിമിതികള്‍ ഉണ്ടെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒന്നുമുതല്‍ നാലുവരെയും, ഒന്നുമുതല്‍ അഞ്ചുവരെയും മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മാത്രമേ കൈത്തറി യൂനിഫോം ലഭിക്കൂ എന്നാണു വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്.
രണ്ടു ജോഡി യൂനിഫോമിനായി നിലവില്‍ 400 രൂപയാണ് അനുവദിച്ചത്. സ്കൂള്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുണി ഒന്നിച്ചുവാങ്ങി വിതരണം ചെയ്യുന്നതായിരുന്നു രീതി. സ്കൂള്‍ തുറന്ന ശേഷം ഫണ്ട് നല്കുന്ന രീതിയായതിനാല്‍ ഈ അധ്യയനവര്‍ഷത്തെ യൂനിഫോമിനുള്ള തുക ഈ മാസം മാത്രമാണ് മിക്ക കുട്ടികള്‍ക്കും ലഭിച്ചത്. എന്നാല്‍ കൈത്തറി തുണി വിതരണം ചെയ്യുന്നതിലൂടെ അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് യൂനിഫോം വിതരണം ചെയ്യാന്‍ കഴിയുമെന്നും, സ്വകാര്യമില്ലുകാരുടെ കൈകളില്‍ എത്തിയിരുന്ന പണം കൈത്തറി സഹകരണസംഘങ്ങളില്‍ എത്തുമെന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത് നടപ്പിലാക്കാനാകാതെ വരുന്നതോടെ ചുരുക്കം ചില വിദ്യാലയങ്ങളില്‍ ഒഴിച്ച് മറ്റെല്ലായിടങ്ങളിലും പഴയരീതിയിലേക്ക് തന്നെ യൂനിഫോം വിതരണ നടപടികള്‍ മാറും.
യൂനിഫോം തുണിയുടെ അഡ്വാന്‍സായി 82 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. പ്രധാനാധ്യാപകരുടെ യോഗം വിളിച്ച് യൂനിഫോം വിതരണത്തിലെ മാറ്റം അറിയിക്കണമെന്ന നിര്‍ദേശവും പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."