സ്വര്‍ണ കള്ളക്കടത്ത്: പ്രതികളില്‍ നിന്ന് 90 കോടി പിഴ ഈടാക്കണമെന്ന് ഉത്തരവ്
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി സ്വര്‍ണ കള്ളക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട പ്രതികളില്‍ നിന്നും 90 കോടി രൂപ പിഴയായി ഈടാക്കാന്‍ കസ്റ്റംസ് വിഭാഗം പ്രത്യേക ഉത്തരവ് പുറത്തിറക്കി. മുവാറ്റുപുഴ കേന്ദ്രമായി നടത്തിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്.
വിമാനത്തില്‍ നിന്നും ഇറങ്ങുന്ന യാത്രക്കാരെ ടെര്‍മിനലിലേക്ക് എത്തിക്കുന്ന രണ്ട് ഫെറി ബസുകളുടെ സീറ്റിനടിയില്‍ നിന്നും 13 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2015 മെയ് 24 ന് നടന്ന സംഭവത്തില്‍ വിദേശത്ത് നിന്നും സ്വര്‍ണം എത്തിച്ച സലിം എന്ന യാത്രക്കാരനും പിടിയിലായിരുന്നു.ഈ കേസുമായി ബന്ധപ്പെട്ട അന്വേഷത്തില്‍ 2013 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 1700 മുതല്‍ 2000 കിലോഗ്രാം വരെ സ്വര്‍ണം അനധികൃതമായി വിദേശത്ത് നിന്നും കൊണ്ടുവന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി പുറത്ത് കടത്തിയതായി കണ്ടെത്തിയിരുന്നു. സ്വര്‍ണം എത്തിച്ചവര്‍, വിമാനത്താവളത്തിന് പുറത്ത് കടത്താന്‍ സഹായിച്ച ഉദ്യോഗസ്ഥര്‍, ഇടനിലക്കാര്‍ എന്നിവരടക്കം 54 പേര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. കേസിലെ മുഖ്യപ്രതിയായിരുന്ന പി.എ നൗഷാദില്‍ നിന്നും 50 കോടി രൂപ പിഴ ഈടാക്കാനാണ് ഉത്തരവ്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനായിരുന്ന ജാബിര്‍ കെ ബഷീര്‍ 20 കോടി രൂപയും, മറ്റൊരു പ്രതി പി.എ ഫൈസര്‍ 10 കോടി രൂപയും പിഴയായി നല്‍കേണ്ടി വരും. ഇടനിലക്കാരായി പ്രവര്‍ത്തിച്ചവര്‍ക്കെതിരേ രണ്ട് ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ പിഴ ചുമത്തിയിട്ടുണ്ട്. പി.എ നൗഷാദ്,ജാബിര്‍ കെ ബഷീര്‍ എന്നിവരടക്കം എട്ട് പ്രതികള്‍ക്കെതിരെ കൊഫെപോസ നിയമവും ചുമത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."