വീണ്ടും ഹ്യൂമേട്ടന്‍, ബ്ലാസ്റ്റേഴ്‌സ്
മുംബൈ: മുംബൈ സിറ്റി എഫ്.സിയെ അവരുടെ തട്ടകത്തില്‍ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലില്‍ വിജയം തുടര്‍ന്നു. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് കേരള ടീമിന്റെ വിജയം.
ഹാട്രിക്ക് ഗോളിലൂടെ ഡല്‍ഹിക്കെതിരായ കേരളത്തിന്റെ വന്‍ തിരിച്ചുവരവിന് വഴിയൊരുക്കിയ ഇയാന്‍ ഹ്യൂമെന്ന ഹ്യൂമേട്ടന്‍ ഇത്തവണയും കൊമ്പന്‍മാരുടെ വിജയ ഗോളിന് അവകാശിയായി. കളിയുടെ 23ാം മിനുട്ടിലാണ് ഹ്യൂമിന്റെ അപ്രതീക്ഷിത ഗോളിന്റെ പിറവി. സീസണില്‍ ടീം നേടുന്ന മൂന്നാമത്തെ വിജയമാണിത്.
തുടക്കം മുതല്‍ പന്തില്‍ ആധിപത്യം പുലര്‍ത്തി മുന്നേറിയത് ബ്ലാസ്റ്റേഴ്‌സായിരുന്നു. സ്വതന്ത്രനായി കളിക്കാന്‍ അവസരം കിട്ടിയതോടെ ഇയാന്‍ ഹ്യൂം മുംബൈ പ്രതിരോധത്തിന് തുടക്കം മുതല്‍ അലോസരം സൃഷ്ടിച്ചു.
ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തിനിടെ 23ാം മിനുട്ടില്‍ മധ്യഭാഗത്ത് വച്ച് സിഫ്‌നിയോസിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്കില്‍ നിന്നാണ് ഹ്യൂമിന്റെ ഗോള്‍ പിറന്നത്. മുംബൈ താരങ്ങള്‍ തയ്യാറെടുക്കും മുന്‍പ് തന്നെ കറേജ് പെക്കുസന്‍ മുന്നോട്ടാഞ്ഞ് നീട്ടിക്കൊടുത്ത പാസ് പിടിച്ചെടുത്ത് ക്ഷണനേരം കൊണ്ട് ഹ്യൂം പന്ത് സമര്‍ഥമായി വലയിലാക്കി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുന്‍പ് മുംബൈക്കാര്‍ ഹ്യൂമിന്റെ ഗോള്‍ നേട്ടമാഘോഷമാണ് കണ്ടത്. അവര്‍ ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും റഫറി ഗോളനുവദിച്ചു.
രണ്ടാം പകുതിയില്‍ മുംബൈ സെറ്റായി കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഗോളി സുഭാശിഷ് റോയ് ചൗധരിയും പ്രതിരോധ താരങ്ങളും രക്ഷകരായി. മുംബൈയ്ക്ക് ഒരു ഗോള്‍ ലഭിച്ചെങ്കിലും അത് ഓഫ് സൈഡ് വിളിയില്‍ നഷ്ടമായി.
ഒപ്പം ഒരു ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സിനും ഒന്നില്‍ കൂടുതല്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരമടക്കം കിട്ടിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല.
ജയത്തോടെ 14 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത്. എ.ടി.കെയെ പിന്തള്ളിയാണ് കേരള ടീം മുന്നേറിയത്. മുംബൈ അഞ്ചാം സ്ഥാനം നിലനിര്‍ത്തി.
ബംഗളൂരു നാണംകെട്ടു
ഡല്‍ഹി: പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഡല്‍ഹി ഡൈനാമോസ് കരുത്തരായ ബംഗളൂരു എഫ്.സി അട്ടിമറിച്ചു. സ്വന്തം തട്ടകത്തില്‍ 2-0ത്തിനാണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്. സീസണില്‍ ടീം നേടുന്ന രണ്ടാമത്തെ വിജയമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."