പാത്തുമ്മയുടെ ആട് കാറ് കേറിയ കഥ
അടുത്തിടെ നടന്ന സംഭവത്തിന്റെ വിവരണത്തോടെ തുടങ്ങാം. മലബാറിലെ ഒരു നാട്ടിന്‍ പുറം. സന്ധ്യ. ആടും പശുവും കോഴിയുമൊക്കെ കൂടണയുന്ന സമയം. ദേശീയപാതയോടു സന്ധിക്കുന്ന ഗ്രാമത്തിലെ ചെമ്മണ്‍ റോഡിലേയ്ക്ക് ഒരു ഫോഡ് കാര്‍ പരുങ്ങിപ്പരുങ്ങി ഇറങ്ങി. കുണുങ്ങിക്കുണുങ്ങി മുന്നോട്ട്.
കുറച്ചു ചെന്നപ്പോ എതിരേ വരുന്നൂ മുട്ടനൊരാട്. അവസാനത്തെ ഇലയും ഞൊട്ടിനുണഞ്ഞു വരുന്ന അവനെ കാറു സുന്ദരിക്കു പിടിച്ചപ്പോലെ. കൊറ്റന് തൊട്ടടുത്ത് അവള്‍ നിന്നു. വാതില്‍ തുറന്നു രണ്ടു സുമുഖന്മാര്‍ പുറത്തിറങ്ങി. പരിസരം നിരീക്ഷിച്ചു. കുഴപ്പമില്ല. ഒരുവന്‍ ജീന്‍സ് പോക്കറ്റില്‍നിന്ന് ഒരു പൊതിയെടുത്തു നിവര്‍ത്തി. നല്ല കറുമുറ റസ്‌ക്. അവന്‍ അതുമായി കൊറ്റനടുത്തേയ്ക്ക്.
മുന്നും പിന്നും നോക്കാതെ മൂപ്പരതു നുണഞ്ഞു. രണ്ടാമതൊന്നിനായി മണം പിടിച്ചു. അടുത്ത വിളി കാറിനടുത്തു നിന്നായിരുന്നു. റസ്‌കിന്റെ മാസ്മരികതയില്‍ കൊറ്റന്‍ പരിസരം മറന്നു. കാറിന്റെ വാതില്‍ താനേ തുറക്കുന്നു. അവന്‍ മുന്‍കാലുകള്‍ കാറില്‍വച്ചു രണ്ടാം റസ്‌ക് നുണയവേ തൊട്ടടുത്ത പറമ്പില്‍നിന്നു പാത്തുമ്മാന്റെ നിലവിളി. പടച്ചോനേ ഞമ്മട ആട്...
നാട്ടുമ്പുറമല്ലേ. ആടിനെപോറ്റുന്ന പാത്തൂന്റെ അപകട അലാറം കേട്ടതും നാട്ടുകാര്‍ എത്തിയതും കാറുകാര്‍ കുടുങ്ങിയതും ഒന്നിച്ച്. പിന്നെ പറയണോ പുകില്. സുമുഖന്മാരായ ആടു താടിക്കാര്‍ക്കു പൊതിരെ കിട്ടി. അതിനിടെ സീറ്റിനടിയില്‍ നിന്നു ഒരു ചിനയ്ക്കല്‍ കേട്ടപോലെ. ഉടനെ പരിശോധന നടന്നു. രണ്ടു മുഴുത്ത ആടുകള്‍ റസ്‌ക്ക് ലഹരിയില്‍ മയങ്ങുന്നു. പാത്തുമ്മ നേരിട്ടെത്തി ഇന്‍സൈഡുകാരെ പുളിച്ച നാടന്‍ തെറിയും പറഞ്ഞു തലയ്ക്കു രണ്ടു കിഴുക്കു കൂടെ നല്‍കുമ്പോഴേയ്ക്കും ഹൈവേ പൊലിസുവണ്ടി എത്തിയിരുന്നു.
ആടറിയുമോ അങ്ങാടി വാണിഭമെന്നതു പഴഞ്ചൊല്ല്. ഇന്നിപ്പൊ അങ്ങാടിയും ആടുമൊക്കെ മാറി. പണ്ടത്തെപ്പോലെ ആടുവാഴുന്ന അങ്ങാടികളൊക്കെ പഴങ്കഥയായി. അങ്ങാടികള്‍ വികസിച്ചു നഗരങ്ങളായി. അവിടിപ്പം ആടുതാടിക്കാരായ ചില കുട്യേള് കറങ്ങി നടക്ക്വാ.
നിരവധി ആടുകള്‍ നമ്മുടെ ജീവിതത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നു. സാഹിത്യം ,സംസ്‌കാരം,രാഷ്ട്രീയം, കല എന്നിത്യാദി സകലമാന ജീവിതവ്യവഹാരങ്ങളിലും ആടുകള്‍ ചിനച്ചുകൊണ്ടു കയറിയിറങ്ങിപ്പോയി. വിശ്വവിഖ്യാതമായൊരാട് മലയാളത്തിനുണ്ട്. ബേപ്പൂര്‍ സുല്‍ത്താന്റെ പാത്തുമ്മയുടെ ആട്. അതു വെറുമൊരു കഥാപാത്രം മാത്രമായിരുന്നില്ല. ജീവനുള്ള ആടുതന്നെ. അതു ബഷീറിന്റെ വീട്ടിലുണ്ടാക്കിയ പുകിലുകള്‍ കുറച്ചൊന്നുമല്ല. ആടു ജീവിതമെഴുതി ബെന്യാമീന്‍ പ്രവാസലോകത്തെ നമ്മുടെ സഹോദരങ്ങളുടെ യഥാര്‍ഥജീവിതം വരച്ചുകാട്ടി. രാഷ്ട്രീയരംഗത്ത് ആടുകളെന്നതു കണ്ടതിലൊക്കെയും തലയിടുന്ന നേതാവിനു പറയുന്ന പേരാണെങ്കിലും പാവങ്ങളായ ചില ബലിയാടുകള്‍ കേരള രാഷ്ട്രീയത്തിലെന്നല്ല ദേശീയത്തിലുമുണ്ട്.
ഗള്‍ഫും എണ്ണപ്പണവും ഷിഫോണ്‍ സാരിയുമൊക്കെ എത്തുന്നതിനുമുന്‍പു മലബാറിലെ മിക്കവീടുകളിലും ആട്ടിന്‍ കൂടും കോഴിക്കൂടുമൊക്കെയുണ്ടായിരുന്നു. രാവിലെ ഉറങ്ങിയെണീയ്ക്കുന്ന പുള്ളാരുടെ ആദ്യജോലി കോഴിക്കൂടു തുറക്കലായിരുന്നു. ഇന്നതൊക്കെ കാണണമെങ്കില്‍ മാപ്പിളക്കഥകള്‍ പറയുന്ന പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകള്‍ തപ്പിത്തിരയണം.
അന്ന് ആടുകള്ളന്മാരും ആനവാരികളുമുണ്ടായിരുന്നു. കാരണം കൊടിയ വിശപ്പു തന്നെ.രാത്രിയുടെ അന്ത്യയാമങ്ങളില്‍ ആട്ടിന്‍ കൂടു പൊളിക്കാന്‍ പാത്തും പതുങ്ങിയുമെത്തുന്ന തസ്‌കരന്മാര്‍.ജീവന്‍ പണയം വച്ചു നടത്തുന്ന അഭ്യാസത്തിനിടെ ആടെങ്ങാനും ഒന്നു ചിനച്ചാല്‍ മരണപ്പാച്ചിലല്ലാതെ മറ്റൊരു രക്ഷയുമില്ല. ഇരുട്ടില്‍ രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ പൊട്ടക്കിണറ്റില്‍ വീണു രക്തസാക്ഷികളായ വീരന്മാര്‍ നിരവധിയാണ്. അന്നു പൈതങ്ങള്‍ പള്ളപ്പശി കാരണം കിടന്നു നിലവിളിച്ചപ്പോ ഗത്യന്തരമില്ലാതെ ചില ജീന്‍വാല്‍ജീനുമാര്‍ കക്കാനിറങ്ങി.
ഇന്നു കഥ മാറി. കളവൊക്കെ ഹൈടെക്കായി.കായംകുളം കൊച്ചുണ്ണിമാരൊക്കെ സീരിയലിലായി. ഇന്നൊരുത്തന് അധ്വാനമേതുമില്ലാതെ അന്തഃപുരത്തിലെ റാണിമാരൊത്തു സുല്‍ത്താനായി വാഴണമെന്നു പൂതിവന്നാല്‍ നല്ല പേരു നോക്കി ഒരു കമ്പനിയുണ്ടാക്കും. എല്ലാം നിങ്ങള്‍ക്കുവേണ്ടിയെന്ന് അതിന്റെ ഭരണഘടനയില്‍ ചേര്‍ക്കണം. പിന്നെ അത്യാവശ്യം സാമൂഹിക സേവനം,മത രാഷട്രീയ രംഗത്തെ പ്രമുഖരുമായി അടുപ്പം. പിന്നെ കുശാലായി.
നിക്ഷേപങ്ങള്‍ ഒഴുകിയൊഴുകി വരും. അധ്വാനമില്ലാതെ കാശിരട്ടിക്കുന്നതു സ്വപനം കാണുന്ന ബുദ്ധിമാന്മാരായ മലയാളികള്‍ ചറപറാന്നു നിക്ഷേപിച്ചു പരിപാടി ഗംഭീരമാക്കും.ബെയ് രാജാ ബെയ്..ഒന്നു വച്ചാ പത്ത്..പത്ത് വച്ചാ നൂറ്.ഒടുക്കം ടോട്ടല്‍ ഫോര്‍ യു ടോട്ടലായി വിഴുങ്ങി അഴിക്കുള്ളിലായാലും സംഗതി പുറത്തു പറയില്ല. നാണക്കേടല്ലേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."