നാട്ടിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടെ ബഹ്‌റൈന്‍ പ്രവാസി അന്തരിച്ചു
മനാമ: നാട്ടിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടെ തമിഴ്‌നാട് സ്വദേശിയായ പ്രവാസി ബഹ്‌റൈനില്‍ നിര്യാതനായി. കഴിഞ്ഞ 30 വര്‍ഷമായി ബഹ്‌റൈനിലെ യാഖൂബി സ്റ്റോറിനു കീഴില്‍ ലൈബ്രേറിയനായി ജോലി ചെയ്തിരുന്ന കന്യാകുമാരി തേങ്ങാപട്ടണം പുത്തുറ സ്വദേശി മുഹമ്മദ് മീരാന്‍ മൗലവി(59)യാണ് ബഹ്‌റൈനിലെ താമസ സ്ഥലത്ത് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലം ബഹ്‌റൈനിലെ സാമൂഹ്യസേവന രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മീരാന്‍ മൗലവി സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങളുടെ നാട്ടുകാരനും അടുത്ത സുഹൃദ് ബന്ധം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയുമായിരുന്നു. മീരാന്‍ മൗലവിയുടെ മരണത്തില്‍ ഫഖ്‌റുദ്ധീന്‍ തങ്ങള്‍ അനുശോചിച്ചു.
ചെന്നൈ മന്നടിയിലെ മസ്ജിദ് ഫാതിഹില്‍ ഖതീബായി സേവനമനുഷ്ടിച്ച മൗലവി ബഹ്‌റൈനിലെത്തിയതു മുതല്‍ ഡോ. ശൈഖ് നിസാം ചെയര്‍മാനായ യഅ്ഖൂബി സ്റ്റോറില്‍ ലൈബ്രേറിയനായി ജോലി ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് നാട്ടില്‍ പോകാനുള്ള ആഗ്രഹം ശൈഖിനെ അറിയിക്കുകയും ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്ക് ഒരുങ്ങുകയും ചെയ്തത്.
പിറ്റേ ദിവസം പുലര്‍ച്ചെ സുബ്ഹിക്ക് പള്ളിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ നിലയില്‍ വസ്ത്രം അണിഞ്ഞ് തൊപ്പി ധരിച്ച നിലയിലായിരുന്നു മീരാന്‍ മൗലവി മരിച്ചു കിടന്നിരുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. സല്‍ സ്വഭാവം, പെരുമാറ്റം, അറിവ്, ഇബാദത്ത് എന്നിവ കൊണ്ടെല്ലാം അനുഗ്രഹീതനായ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ സുപ്രഭാതത്തോട് പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷമായി തന്റെ കീഴില്‍ ജോലി ചെയ്യുന്ന മുഹമ്മദ് മീരാനുമായി തനിക്ക് ഒരിക്കല്‍ പോലും കയര്‍ക്കേണ്ടി വന്നിട്ടില്ലെന്ന് സ്‌പോണ്‍സറായ ശൈഖ് നിസാമും അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കഴിവുകളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
അറബിക് എം.എ ഉള്‍പ്പെടെ മതഭൗതിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ബി.ബി.സി മുഖേനെ വിവിധ ഇസ്‌ലാമിക് വിഷയങ്ങളിലുള്ള ബിരുദങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ. ഖദീജ ബീവി. മക്കള്‍ അഹമ്മദ് അദ്‌നാന്‍, ആലിയ തസ്‌നീം (ദുബൈ).
മയ്യിത്ത് നിസ്‌കാരം തിങ്കളാഴ്ച അസര്‍ നിസ്‌കാര ശേഷം മനാമയിലെ കുവൈത്തി മസ്ജിദില്‍ നടന്നു. സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. ചൊവ്വാഴ്ച പുലര്‍ച്ചെ 1 .15നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ മയ്യിത്ത് തിരുവനന്തപുരത്തെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."