ഹജ്ജ് ക്യാംപ് കരിപ്പൂരിലേക്ക് മാറ്റണമെന്ന് ഹജ്ജ് കമ്മിറ്റി നെടുമ്പാശ്ശേരിയില്‍ സ്ഥലസൗകര്യമില്ല
കൊണ്ടോട്ടി: ഹജ്ജ് വിമാന സര്‍വിസും ക്യാംപും കരിപ്പൂരിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് ഫെബ്രുവരി രണ്ടിന് നടത്തുന്നതിന് അനുമതി തേടാനും തീരുമാനിച്ചു.
നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാംപ് നടത്താന്‍ സ്ഥലസൗകര്യമില്ലെന്ന് ഹജ്ജ് കമ്മിറ്റി വിലയിരുത്തി. കഴിഞ്ഞവര്‍ഷം ക്യാംപ് നടത്തിയ സ്ഥലത്ത് വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. ഇവിടെ സ്ഥാപിച്ച ശുചിമുറിയും മറ്റും സുരക്ഷിതമേഖലയാക്കി മാറ്റിയതിനാല്‍ അവിടേക്ക് പ്രവേശനമില്ല. നിലവില്‍ 10,981 പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചിട്ടുണ്ട്. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ തീര്‍ഥാടകരെയും ലഭിക്കാവുന്ന കൂടുതല്‍ സീറ്റുകളും പരിഗണിച്ചാല്‍ 12,000 ത്തോളം ഹജ്ജ് തീര്‍ഥാടകര്‍ ഇത്തവണയുണ്ടാകും. ഇത്രയുംപേരെ ഉള്‍ക്കൊള്ളാന്‍ നെടുമ്പാശ്ശേരിക്ക് ആകില്ല. ഹജ്ജ് ക്യാംപ് നടത്തിപ്പിനുള്ള സഹായം നെടുമ്പാശ്ശേരി വിമാനത്താവള അതോറിറ്റിയായ സിയാല്‍ ഇതുവരെ വാഗ്ദാനം ചെയ്തിട്ടില്ല. ഹജ്ജ് കമ്മിറ്റി സ്വന്തം നിലയ്ക്ക് സൗകര്യമൊരുക്കുകയാണെങ്കില്‍ 75 ലക്ഷം രൂപയെങ്കിലും ചെലവാകും. ഹജ്ജ് വിമാന സര്‍വിസും ക്യാംപും കരിപ്പൂരിലേക്ക് മാറ്റിയാല്‍ ഈ പ്രശ്‌നങ്ങളുണ്ടാകില്ല. ഹജ്ജ് ഹൗസില്‍ ചെറിയ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഹജ്ജ് ക്യാംപ് സുഖമമായി നടത്താനാകും. സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹജ്ജ് സര്‍വിസിന് കരിപ്പൂരില്‍നിന്ന് അനുമതി നിഷേധിക്കുന്നത്. കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങളുടെ സര്‍വിസിന് സുരക്ഷാപ്രശ്‌നമില്ലെന്ന നിരാക്ഷേപപത്രം സാങ്കേതിക വിഭാഗത്തില്‍നിന്ന് ഡി.ജി.സി.എക്ക് കൈമാറുന്നതിന് ശ്രമിക്കുമെന്ന് ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു. കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസ് നടത്തുന്നതിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അനുകൂലമാണ്. സിവില്‍ വ്യോമയാന മന്ത്രാലയമാണ് തടസ്സം നില്‍ക്കുന്നത്. നിരാക്ഷേപ പത്രം ഹാജരാക്കുകവഴി ഈ തടസം മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതിയില്‍ നല്‍കിയ കേസിന്റെ പുരോഗതിയില്‍ ഹജ്ജ് കമ്മിറ്റി സംതൃപ്തി രേഖപ്പെടുത്തി. യോഗത്തില്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, എ.കെ അബ്ദുറഹ്മാന്‍, പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി, ഷരീഫ് മണിയാട്ടുകുടി, അഹ്മദ് മൂപ്പന്‍, എച്ച്.ഇ ബാബുസേട്ട്, സെക്രട്ടറി ടി.കെ. അബ്ദുറഹ്മാന്‍, കോഓഡിനേറ്റര്‍ എന്‍.പി ഷാജഹാന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."