അതിര്‍ത്തിയില്‍ ഭയപ്പാടോടെ
ചെറുപുഴ: കിടപ്പാടമോ സംരക്ഷണമോ ഇല്ലാതെ ജീവിതത്തിനും മരണത്തിനുമിടയില്‍ നാളുകള്‍ തള്ളിനീക്കി പുളിങ്ങോം ആറാട്ടുകടവ് കോളനിയിലെ ആദിവാസി കുടുംബങ്ങള്‍. പകല്‍ സമയത്തുപോലും കൂട്ടമായെത്തുന്ന കാട്ടാനകള്‍ നാശം വിതയ്ക്കുകയും ജീവന്‍ അപഹരിക്കുകയും ചെയ്യുന്ന സ്ഥിതിയാണിവിടെ. ഒരു വശത്ത് കാര്യംകോട് പുഴയും മറുവശത്ത് കര്‍ണാടക വലവും. ഇതിനിടയിലെ തുണ്ടുകഷ്ണം ഭൂമിയിലാണ് എട്ടു കുടുംബങ്ങള്‍ താമസിക്കുന്നത്. ഇവര്‍ക്ക് പട്ടയമോ റേഷന്‍ കാര്‍ഡോ ഇല്ല. കര്‍ണാടകയും കേരളവും തമ്മില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് ഇവരുടെ ജീവിതം ദുഷ്‌കരമായത്.
കോളനിക്കും സമീപത്തെ മുളം കാട്ടില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ ഭയന്ന് ഉറങ്ങാന്‍ പോലും ഇവര്‍ക്കു കഴിയുന്നില്ല. പയ്യന്‍ വീട്ടില്‍ കൃഷ്ണന്‍, ദാമോദരന്‍, പുതിയവീട്ടില്‍ സുകുമാരന്‍ എന്നിവരാണ് രണ്ടു കുടുംബങ്ങളിലായി ഇവിടെ താമസിച്ചു വരുന്നത്. ആന വരാതിരിക്കാനായി വൈദ്യുതി വേലി കെട്ടിയിരുന്നെങ്കിലും ഇവ പൂര്‍ണമായി തകര്‍ന്ന സ്ഥിതിയിലാണ്. വീടിനു സമീപം പഞ്ചായത്ത് നല്‍കിയ സോളാര്‍ വിളക്കും കണ്ണടച്ചിട്ട് വര്‍ഷങ്ങളായി. കര്‍ണാടകയുടെ കുടിയിറപ്പ് ഭീഷണിയുമുണ്ട്. തങ്ങളുടെ പിന്‍തലമുറ താമസിച്ചിരുന്ന സ്ഥലം വിട്ടുപോകാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടും മറ്റൊരിടം കണ്ടെത്താന്‍ കഴിയാത്തതുമാണ് ഈ പാവങ്ങളെ ഇവിടെ തളച്ചിടാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."