മൂന്നര പതിറ്റാണ്ടിന് ശേഷം വണ്‍വേ റോഡിന് ശാപമോക്ഷം
കൊടുങ്ങല്ലൂര്‍: മൂന്നര പതിറ്റാണ്ടിന് ശേഷം കൊടുങ്ങല്ലൂരിലെ വണ്‍വേ റോഡിന് ശാപമോക്ഷം. റോഡിന്റെ വീതി വര്‍ധിപ്പിക്കാന്‍ നടപടികളാകുന്നു. നഗരത്തിലെ പ്രധാന നിരത്തുകളിലൊന്നായ വണ്‍വേ റോഡിന് വീതി ഇല്ലാത്തതിനാല്‍ ഇതു വഴിയുള്ള ഗതാഗതം ദുഷ്‌ക്കരമാണ്. ഏകദേശം ഒരു കിലോ മീറ്റര്‍ നീളമുള്ള റോഡിന് നാലു മീറ്ററാണ് വീതി.
താലൂക്ക് ഗവ. ആശുപത്രി ജങ്ഷന്‍ മുതല്‍ നഗരസഭ ബസ് സ്റ്റാന്റ് വരെയുള്ള വണ്‍വേ റോഡിന്റെ വീതിക്കുറവ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കിയിട്ടുള്ള റോഡിന് വീതി വര്‍ധിപ്പിക്കണമെന്ന ആവശ്യം പലകുറി ഉയര്‍ന്നിട്ടും ആവശ്യമായ ഭൂമി ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്രമങ്ങള്‍ പാഴാകുകയായിരുന്നു.
കാല്‍നട യാത്രക്കാര്‍ക്ക് കടന്നു പോകാന്‍ പോലും ഇടമില്ലാത്ത ഇടുങ്ങിയ നിലയിലാണ് വണ്‍വെ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ.
ഒടുവില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ മുന്‍ കയ്യെടുത്താണ് വണ്‍വെ റോഡ് വീതി കൂട്ടുന്ന പദ്ധതിക്ക് സാഹചര്യമൊരുക്കിയിട്ടുള്ളത്. റോഡിനിരുവശമുള്ള ഭൂവുടമകളുടെ യോഗം വിളിച്ചുചേര്‍ത്ത് പദ്ധതിക്കുള്ള തടസം ഒഴിവാക്കിയ നഗരസഭ കാലതാമസം കൂടാതെ റോഡിന്റെ വീതി കൂട്ടല്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ്.
നിലവില്‍ നാല് മീറ്റര്‍ വീതിയുള്ള റോഡ് അഞ്ച് മീറ്ററായി മാറ്റുകയാണ് ലക്ഷ്യം. എത്രയും വേഗത്തില്‍ വണ്‍വേ റോഡിന്റെ പുനര്‍ നിര്‍മാണം ആരംഭിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സി.സി വിപിന്‍ചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."