'എന്നിട്ടും ഞാന്‍ ജീവിക്കുന്നു' സിറിയന്‍ തടവറയിലെ ഓര്‍മകള്‍ പങ്കുവെച്ച് ഉമര്‍
'ദീര്‍ഘകാലം നീളുന്ന പട്ടിണി. പട്ടിണിക്കൊടുവില്‍ കഠിനമായ മര്‍ദ്ദനം..വീണ്ടും പട്ടിണി മര്‍ദ്ദനം..എന്നാലും ആ നാളുകള്‍ എന്റെ ജീവിതത്തില്‍ ഏറ്റവും മനോഹരമായവയാണ്'. മൂന്നു വര്‍ഷത്തെ ജയില്‍ നാളുകള്‍ക്കു ശേഷം വെളിച്ചം കണ്ട ഉമറുല്‍ ശുക്കൂര്‍ എന്ന 21കാരന്റെ വാക്കുകളാണിവ. 2012 നവംബറിലാണ് ഉമര്‍ സിറിയന്‍ സൈനികത്തടവിലാവുന്നത്. മൂന്നു ബന്ധുക്കളോടൊപ്പം തടവറയിലാവുമ്പോള്‍ വെറും 17 വയസ്സായിരുന്നു ഉമറിന്. അമ്മായിയുടെ വീട്ടില്‍ വെച്ചായിരുന്നു അറസ്റ്റ്. എന്തിനാണ് തങ്ങളെ പിടികൂടുന്നതെന്ന് അവര്‍ക്കറിയില്ലായിരുന്നു. ഒന്നും പറയാതെ സൈനികര്‍ മാറി മാറി അവന്റെ കവിളില്‍ അടിച്ചു കൊണ്ടേയിരുന്നു. ആ കവിള്‍ത്തടങ്ങളില്‍ നിന്നും ചോരച്ചാലുകള്‍ ഒഴുകുന്നതു വരെ. പിന്നീട് അവരെ ജയിലില്‍ തള്ളി. അവിടെയും തുടര്‍ന്നു കഠിനമായ പീഡനങ്ങള്‍. ഉമറിനൊപ്പം പിടിക്കപ്പെട്ട രണ്ടു പേര്‍ തടവറയില്‍ മരിച്ചു. മൂന്നു വര്‍ഷത്തിനിടെ പത്തോളം തടവറകളില്‍ ഉമറിനെ കൊണ്ടു പോയി. ആദ്യത്തെ ഏഴു മാസം ഏകാന്തത്തടവായിരുന്നു ഉമറിന്. പിന്നെ അവനെ മാറ്റി.
'പീഢനം മൂലം അവശരും രോഗികളുമായിത്തീര്‍ന്ന തടവുകാരെ കൂട്ടത്തില്‍ നി്‌ന്് മാറ്റിപ്പാര്‍പ്പിക്കും. അവരെ ബാക്കിയുള്ള ജയിലറകള്‍ക്കു മുന്നിലെ മുറികളിലാണ് താമസിപ്പിക്കുക. മറ്റുള്ളവരില്‍ ഭീതി പടര്‍ത്താനോ എന്തോ..എഴുനേറ്റു നില്‍ക്കാന്‍ പോലും കെല്‍പില്ലാത്ത ആ പാവങ്ങളെ സൈനികര്‍ മര്‍ദ്ദിച്ചു കൊണ്ടേയിരിക്കും. ഇനിയൊരിക്കലും അവര്‍ക്ക് എഴുനേല്‍ക്കാനാവില്ലെന്ന് സൈനികര്‍ക്ക് ബോധ്യം വരന്നതു വരെ'. ശുക്കൂര്‍ പറയുന്നു.
'എല്ലാം സഹിക്കാം. സഹിക്കാനാവാത്ത രീതികളുംഅവിടെയുണ്ട്. ലൈംഗിക പീഡനം. സഹതടവുകാരുമായി ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ നിര്‍ബന്ധിക്കും. ഇത്തരം കാഴ്ചകള്‍ പതിവായിരുന്നു. സെല്ലിന്റെ തലവന്‍ തടവുകാരെ ബലാത്സംഗം ചെയ്യുന്നതും കാണാമായിരുന്നു. എല്ലാവരും ഭയപ്പെട്ടിരുന്ന പീഡനമുറയായിരുന്നു ഇത്. ഞാനെപ്പോഴും ഇതേകുറിച്ച് ആലോചിക്കും. ഞാന്‍ ചെറുതാണ്. എപ്പോഴാണ് പിശാചുക്കളുടെ കണ്ണുകള്‍ എനിക്കു നേരെ വരികയെന്ന ആധിയിലാണ് ഓരോ നാളും തള്ളി നീക്കിയിരുന്നത്.'
പിന്നെ പിന്നെ പീഡനങ്ങളും മര്‍ദ്ദനങ്ങളും ദിനചര്യകള്‍ പോലെയായി. ബലാത്സംഗം ചെയ്യപ്പെടുന്നതും കൊല്ലപ്പെടുന്നതം ആത്മഹത്യ ചെയ്യുന്നതും എല്ലാം പതിവു കാഴ്ചകള്‍.- ഇത് പറയുമ്പോള്‍ നിസ്സംഗത മാത്രമായിരുന്നു ഉമറിന്റെ മുഖത്ത്.
സെദ്‌നായ ജയില്‍ ആയിരുന്നു ഉമറിന്റെ അവസാന തടവറ. 2014 ആഗസ്റ്റ് 15ന് തനിക്കവിടെ ലഭിച്ച വരവേല്‍പ് ശുക്കൂര്‍ വ്യക്തമായി ഓര്‍ക്കുന്നു. ' ഞങ്ങള്‍ പത്തു പേരെ വരിയായി നിര്‍ത്തി. ഒരു ഓഫീസറുടെ വക പ്രഹരമാണ്. യുദ്ധ ടാങ്കുകളുടെ ഭാഗമുള്‍പെടെയുള്ള കനത്ത ഇരുമ്പു ദണ്ഡുകള്‍ കൊണ്ടും മറ്റുമാണ് നിരത്തിയടി. പതിനഞ്ചു ദിവസം ഇതു തുടര്‍ന്നു. എഴുനേല്‍ക്കാന്‍ പോയിട്ട് കണ്ണു തുറക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഞാനന്ന്.'
സെദ്‌നായയില്‍ നിന്ന് ലഭിച്ച ഭക്ഷണത്തെ കുറിച്ചും ശുക്കൂര്‍ ഓര്‍ത്തെടുത്തു. കുറച്ചു മുട്ടയും ബ്രഡും. ഡസന്‍കണക്കിനാളുകള്‍ക്ക് വീതിച്ചെടുക്കാനുള്ളതാണ്. ബ്രഡ് കഷ്ണങ്ങള്‍ മിക്കവാറും ചോരയില്‍ കുതിര്‍ന്നിരിക്കും. 'രക്തത്തുള്ളികളാണ് ബ്രഡിന് ഉപ്പു പകര്‍ന്നിരുന്നതെന്നു പറയാം' ഒരു ചിരിയില്‍ അവന്‍ പറയുന്നു.
ഇതു കഴിഞ്ഞ് ഒരു മാസത്തിനു ശേഷം കോടതിയില്‍ ഹാജരാക്കി. ഭീകരവാദമായിരുന്നു കുറ്റം. വീണ്ടും തടവറയിലേക്ക്. ഭീകരമായ നാളുകള്‍ എല്ലാത്തിനുമൊടുവില്‍ ജൂണ്‍ 2015ന് ഉമര്‍ മോചിതനായി. അതിനിടക്ക് അവന്റെ രണ്ടു സഹോദരങ്ങളും ഉപ്പയും യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഉമ്മ തുര്‍ക്കിയിലെ അഭയാര്‍ഥി ക്യാംപിലും.
തടവറയില്‍ നിന്ന് മോചിതനായി പുറംലോകത്തെത്തിയ ദിനവും ഓര്‍മപ്പുസ്തകത്തിലെ മാഞ്ഞു പോവാത്ത അധ്യായമാണ് ഉമറിന്. 'സന്തോഷാതിരേകത്താല്‍ പുറത്തു നില്‍ക്കുന്നവരെ നോക്കി ഞാന്‍ കൈവീശിക്കൊണ്ടേയിരുന്നു. എന്നാല്‍ അവര്‍ പ്രതികരിച്ചില്ല. എനിക്കതിശയവും സങ്കടവും തോന്നി. പക്ഷേ അവര്‍ എന്ന നോക്കുകയായികരുന്നു എന്ന് പിന്നീട് മനസ്സിലായി. മുടികൊഴിഞ്ഞ്, മെലിഞ്ഞൊട്ടി, കണ്ണുകള്‍ കുഴിഞ്ഞ്..പറഞ്ഞറിയിക്കാനാവാത്തതായിരുന്നു എന്റെ രൂപം. 35 കിലോ ആയിരുന്നു തൂക്കം.'.
ഇത്രയൊക്കെയായിട്ടും ഉമര്‍ പറയുന്നു. ജയില്‍ ജീവിതം എന്റെ ഏറ്റവും നല്ല നാളുകളാണ്. ഒരു കുഞ്ഞായിട്ടാണ് ഞാനവിടേക്കു ചെന്നത്. അവിടെ നിന്ന് ഞാന്‍ ജീവിതം പഠിച്ചു.'
എങ്കിലും ജയിലോര്‍മകള്‍ അവന്റെ ഉറക്കങ്ങളെ അലോസരപ്പെടുത്താറുണ്ട്. എന്നാല്‍ പേടിപ്പെടുത്തുന്ന ഒരു നീണ്ട രാക്കിനാവിനു ശേഷം കണ്ണു തുറക്കുന്നത് തന്റെ മുറിയിലായിരിക്കും. അപ്പോള്‍ കിട്ടുന്ന ആശ്വാസം ഏത് പേടിയേയും അകറ്റാന്‍ പോന്നതാണ്. ഉമര്‍ അവസാനിപ്പിക്കുന്നു.
ഇപ്പോള്‍ സ്വീഡനിലാണ് ഈ 21 കാരന്‍ താമസിക്കുന്നത്.
011ല്‍ ആഭ്യന്തരകലാപം തുടങ്ങിയതുമുതല്‍ കശാപ്പുശാലയെന്ന് വിളിപ്പേരുള്ള സെദ്‌നായ തടവറയില്‍ സിറിയന്‍ ഭരണകൂടം 13,000 ആളുകളെ കൂട്ടമായി കഴുവേറ്റിയതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 2011 മുതല്‍ 2015 വരെയുള്ള കാലയളവിലാണ് ഇത്രയധികം കൊലപാതകങ്ങള്‍ നടന്നത്. ബശ്ശാര്‍ സര്‍ക്കാറിനെ എതിര്‍ക്കുന്നവരെയാണ് ഈ തടവറയില്‍ പാര്‍പ്പിച്ചിരുന്നത്. കിരാതമായ മര്‍ദനമുറകളുടെ അകമ്പടിയോടെ ഓരോ ആഴ്ചയും 20 മുതല്‍ 50 പേരെയാണ് ഭരണകൂടം മരണക്കൊയ്ത്ത് നടത്തിയത്. ഓരോ മാസവും കൊല്ലപ്പെട്ടവരുടെ കണക്കെടുത്താല്‍ 300ലേറെ വരും. 'മനുഷ്യ കശാപ്പുശാല: സീദ്‌നയ തടവറയിലെ കൂട്ടക്കൊലയും ഉന്മൂലനാശവും' എന്ന പേരിലുള്ള റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് ആംനസ്റ്റി പുറത്തുവിട്ടത്. ജയിലിലെ തടവുകാര്‍, ഗാര്‍ഡുകള്‍, ജഡ്ജിമാരുള്‍പ്പെടെ നിരവധി പേരുമായി സംഭാഷണം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
കടപ്പാട് അല്‍ജസീറ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."