പവിത്രന്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിലെ സി.പി.എം പ്രാദേശിക നേതാവ് ഗണപതിയാടന്‍ പവിത്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ചിന്റെ കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടുന്ന സബ് യൂനിറ്റിലെ സി.ഐ സിബിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന മാഹി ചെമ്പ്രയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പാറമ്മേല്‍ സുബീഷിനെ (30) കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. നേരത്തെ കേസന്വേഷണവുമായി ബന്ധപ്പെട്ട് തലശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം റിമാന്‍ഡില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി സുബീഷിനെ ചോദ്യംചെയ്തിരുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി അപേക്ഷ തള്ളിയത്.
പാതിരിയാട് വാളാങ്കിച്ചാലിലെ സി.പി.എം നേതാവ് കെ. മോഹനന്‍ കൊല്ലപ്പെട്ട കേസില്‍ പൊലിസ് പിടിയിലായ മാഹി ചെമ്പ്രയിലെ പാറമ്മേല്‍ സുബീഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പവിത്രന്‍ വധക്കേസില്‍ പുനരന്വേഷണ നടപടികള്‍ ആരംഭിച്ചത്. താന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ചേര്‍ന്നാണു പവിത്രനെ കൊലപ്പെടുത്തിയതെന്നായിരുന്നു മോഹനന്‍ വധക്കേസില്‍ പൊലിസ് കസ്റ്റഡിയിലിരിക്കെ സുബീഷ് നല്‍കിയ കുറ്റസമ്മത മൊഴി. ഇതേതുടര്‍ന്നാണു കൂത്തുപറമ്പ് സി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം 2016 നവംബര്‍ 20നു പവിത്രന്‍ വധക്കേസില്‍ എസ്.പി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. സി.ഐ കെ.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സുബീഷിനെ ഏഴാംപ്രതിയാക്കി പവിത്രന്‍ വധക്കേസില്‍ പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ജയിലിലെത്തി പൊലിസ് സുബീഷിന്റെ അറസ്റ്റുരേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു പ്രൊഡക്ഷന്‍ വാറന്റ് പ്രകാരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. കേസ് സി.ബി.സി.ഐഡിക്കു കൈമാറണമെന്ന് കാണിച്ച് ഐ.ജി ഡി.ജി.പിക്കു നല്‍കിയ റിപ്പോട്ട് പ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.
നേരത്തെ ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തില്‍ പവിത്രനെ കൊലപ്പെടുത്തിയത് സുബീഷിനെ കൂടാതെ തലശേരിയുടെ പരിസര പ്രദേശങ്ങളിലെ ആര്‍.എസ്. എസ്. പ്രവര്‍ത്തകരായ സംഘവും ചേര്‍ന്നാണെന്നായിരുന്നു വ്യക്തമായത്. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നു സുബീഷിന്റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നവര്‍ യഥാര്‍ഥ പ്രതികള്‍ തന്നെയാണോ എന്ന് മനസിലാക്കാനും കൊലയ്ക്ക് ഉപയോഗിച്ച വാഹനവും ആയുധങ്ങളും കണ്ടെടുക്കാനും മറ്റുമുള്ള ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു സുബീഷിനെ ചോദ്യംചെയ്യലിനു വിട്ടുകിട്ടാനായി ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അപേക്ഷ നല്‍കിയത്. 2009 മാര്‍ച്ച് 27നാണു സി.പി.എം ചിറ്റാരിപ്പറമ്പ് ലോക്കല്‍കമ്മിറ്റി അംഗമായിരുന്ന പവിത്രന്‍ തൊടീക്കളം റൈസ് മില്ലിനടുത്ത് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."