തോട്ടങ്ങളില്‍ പുതിയ ഇനം വെള്ളീച്ചയുടെ ആക്രമണം
കാസര്‍കോട്: തെങ്ങിലും വാഴയിലും പുതിയ ഇനം വെള്ളീച്ചയുടെ ആക്രമണം വ്യാപകമാകുന്നു. സാധാരണയില്‍ കൂടുതല്‍ വലിപ്പമുള്ള'അല്യൂറോഡിക്കസ് റൂജിയോ പെര്‍ക്കുലേറ്റസ്'എന്ന റൂഗോസ് സൈപറലിംഗ് വെള്ളീച്ച ആണ് ഇതെന്ന് വെള്ളായണി കാര്‍ഷിക കോളജിലെ കീട വിഭാഗം മുന്‍ പ്രൊഫസര്‍ ഡോ.പി രഘുനാഥ് പറഞ്ഞു.
തെങ്ങോലയിലും വാഴയിലും അടിഭാഗത്ത് വൃത്തത്തില്‍ മുട്ടക്കൂട്ടം നിക്ഷേപിക്കുകയാണ് ഇവ ചെയ്യുന്നത്. പിന്നീട് വെള്ളീച്ചകളും കുഞ്ഞുങ്ങളും ഓലകളുടെ നീരൂറ്റികുടിക്കും. വിസര്‍ജ്യം പതിക്കുന്ന ഇലകളില്‍ കരിംപൂപ്പ് രോഗം പടരുന്നതായും കാണുന്നുണ്ട്.
ഇലകളില്‍ മഞ്ഞളിപ്പ്, കരിച്ചില്‍ എന്നിവ വ്യാപകമാവുകയാണ്. കീടത്തിന്റെ ആക്രമണം കാരണം തെങ്ങിലെയും വാഴയിലെയും ഉല്‍പാദനം കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് തൃശൂര്‍ തുടങ്ങി മിക്ക ജില്ലകളിലും ഈ പ്രത്യേകയിനം വെള്ളീച്ചയുടെ ആക്രമണം കണ്ടു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഉള്ളൂര്‍, കോവളം ഭാഗങ്ങളില്‍'അല്യൂറോഡിക്കസ് റൂജിയോ പെര്‍ക്കുലേറ്റസ്'എന്ന വെള്ളീച്ചയെ കണ്ടെത്തിയിട്ടുണ്ട്.
കീട നിയന്ത്രണത്തിനായി വാഴയിലും തെങ്ങിലും മുന്‍ കരുതലുകള്‍ സംഘടിതമായി നടത്തണമെന്ന് അധികൃതര്‍ പറയുന്നു. കൂടുതലായി ആക്രമണം കാണുന്ന ഇലകള്‍ മുറിച്ചുമാറ്റി കത്തിച്ചു കളയണം. യാതൊരു കാരണവശാലും രാസ കീടനാശിനികള്‍ ഒന്നും തന്നെ അടുത്തുള്ള വിളകളില്‍ പോലും തളിക്കരുതെന്ന നിര്‍ദേശവും അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നു.
ആക്രമണം കണ്ടുതുടങ്ങിയാല്‍ കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ വെര്‍ട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലയുടെ അടിയില്‍ നന്നായി സ്‌പ്രേ ചെയ്യണം.
വിവിധ ഇനം തുളസിച്ചെടികള്‍, പുതിന എന്നിവ തോട്ടത്തില്‍ ഇടവിളയായി നടുന്നത് വെള്ളീച്ചയെ ആകര്‍ഷിച്ച് നശിപ്പിക്കുന്നതിന് സഹായിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."