ജനാധിപത്യത്തിനു മാതൃകയായി 'നിയമസഭ'
തിരുവനന്തപുരം: ദലിത് വിഷയത്തില്‍ ശക്തമായ പ്രതിപക്ഷ ആരോപണത്തില്‍ സഭ ഇളകിമറിഞ്ഞു. നിര്‍ഭയമായി നേരിട്ടും കഴിഞ്ഞ സര്‍ക്കാരിന്റെ കഴിവുകേടാണെന്നു ചുട്ട മറുപടി നല്‍കിയും ഭരണപക്ഷം. ആരോപണ പ്രത്യാരോപണങ്ങള്‍ സഭയെ ഇളക്കിമറിച്ചെങ്കിലും ബഹിഷ്‌ക്കരണവും കസേരയേറുമില്ലാതെ'നിയമസഭ' ജനാധിപത്യത്തിനു മാതൃകയായി.
കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലനകേന്ദ്രം പഴയ നിയമസഭാ ഹാളില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി പാര്‍ലമെന്റാണ് നിയമസഭയുടെ വിശുദ്ധി വിളിച്ചറിയിച്ചത്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചായിരുന്നു വിദ്യാര്‍ഥി പാര്‍ലമെന്റ്.
സഭാ നിയന്ത്രണത്തില്‍ വനിതാ സ്പീക്കറുടെ ചടുലമായ കരവിരുതും ശ്രദ്ധേയമായി. എടത്തല അല്‍ അമീന്‍ കോളജിലെ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ഥി ആര്‍.അശ്വിന്‍ ഗവര്‍ണറായി. നയപ്രഖ്യാപനം അവതരിപ്പിച്ച് ഗവര്‍ണര്‍ തിരിച്ചുപോയശേഷം സ്പീക്കര്‍ ഡയസിലെത്തി സഭ പിരിച്ചുവിട്ടു. 10.30ന് വീണ്ടും ചേര്‍ന്ന് അംഗങ്ങള്‍ നയപ്രഖ്യാപനത്തിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥി ഡി. അഞ്ജുവാണ് സ്പീക്കറായത്. എടത്തല അല്‍ അമീന്‍ കോളജിലെ ബി.എസ്.സി കെമിസ്ട്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥി അക്ഷയ് ടി. ജേക്കബ് മുഖ്യമന്ത്രിയും നാദാപുരം ഗവ.കോളജ് ബി.എസ്.സി സൈക്കോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഷാഹിദ് പ്രതിപക്ഷ നേതാവുമായി. യുവതലമുറ ജനാധിപത്യത്തില്‍ വിശ്വാസമുള്ളവരായി വളരണമെന്നു പരിപാടി ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ജനാധിപത്യത്തിന്റെ പാഠശാലയാണു നിയമസഭയും പാര്‍ലമെന്റും. ഇവയാണു ജനാധിപത്യത്തെ പ്രചോദിപ്പിക്കുന്ന ന്യൂക്ലിയസായി പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗത്തില്‍ കയറുകയെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങുകയെന്നുമാണു കാലങ്ങളായി നാം കേള്‍ക്കുന്നത്. കൊള്ളരുതാത്തവര്‍ക്ക് ഇറങ്ങാനുള്ള ചെളിക്കുണ്ടാണു രാഷ്ട്രീയമെന്ന സാമാന്യബോധം സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനിച്ചതുകൊണ്ടാണ് ഈ വൈമുഖ്യമുണ്ടായത്. ജനാധിപത്യത്തില്‍ വിശ്വാസമുള്ളവരായി യുവതലമുറ വളരണം. പ്രതീക്ഷ നഷ്ടപ്പെട്ട യുവസമൂഹത്തെ ജനാധിപത്യ വ്യവസ്ഥയിലേക്ക് ആകര്‍ഷിക്കുകയെന്ന ഉത്തരവാദിത്വം നിയമസഭകള്‍ക്കുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."