ജില്ലയിലെ കുട്ടികള്‍ക്കായ് വിരനിര്‍മാര്‍ജ്ജന ഗുളികകള്‍ സ്‌കൂളുകള്‍ വഴി നല്‍കുന്നു
കൊല്ലം: ദേശീയ വിരവിമുക്ത ദിനമായ 10ന് ജില്ലയിലെ ഒന്നുമുതല്‍ 19 വയസുവരെ പ്രായമുള്ളവര്‍ക്കായി വിരനിര്‍മാര്‍ജ്ജന ഗുളിക അംഗന്‍വാടികള്‍, സ്‌കൂളുകള്‍ വഴി സൗജന്യമായി നല്‍കുമെന്ന് ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. വി കൃഷ്ണവേണി, മാസ്മീഡിയാ ഓഫീസര്‍ എം റമിയാബീഗം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ്,അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനുശേഷമാണ് കുട്ടികള്‍ക്ക് അല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്നത്. ചവച്ചരച്ച് ഗുളിക കഴിച്ചശേഷം ഒരു ഗ്‌ളാസ് തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും വേണം. യാതൊരു പാര്‍ശ്വഫലങ്ങളും ഇതിലൂടെ ഉണ്ടാകില്ല.
വിരയക്ക് കാരണമാകുന്ന അണുക്കളെ പൂര്‍ണമായും ഒഴിവാക്കുകയും മണ്ണില്‍ക്കൂടിയുള്ള വ്യാപനം തടയുകയുമാണ് ലക്ഷ്യം. ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുന്നത്. ജില്ലയില്‍ 45 ശതമാനത്തോളം കുട്ടികള്‍ വിരബാധിതരാണ്. വിരബാധയുള്ള കുട്ടികളില്‍ തളര്‍ച്ച, വിളര്‍ച്ച, പോഷണക്കുറവ്, വിശപ്പില്ലായ്മ, വയറുവേദന, മനംപുരട്ടല്‍ എന്നിവ കാണപ്പെടും. കുട്ടികളുടെ ശരീരത്തില്‍ വിരകളുടെ തോത് വര്‍ധിക്കും തോറും ലക്ഷണങ്ങള്‍ കൂടിവരും. ലഘുവായ വിരബാധയുള്ള കുട്ടികളില്‍ ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകില്ല.
വിരവിമുക്ത ഗുളികകള്‍ വീടുകളിലൂടെ വിതരം ചെയ്യുന്നില്ല. ഒന്നുമുതല്‍ 5 വയസുവരെയുള്ള കുട്ടികള്‍ക്ക് അംഗന്‍വാടികള്‍ വഴിയും 6 മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്കു സ്‌കൂളുകള്‍ വഴിയും 10ന് ലഭ്യമാക്കും. അന്നേദിവസം ഗുളിക കൊടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് 15ന് സ്‌കൂളുകളില്‍ നിന്നും അംഗന്‍വാടികളില്‍ നിന്നും നല്‍കും. ജില്ലയിലെ 1366 സ്‌കൂളുകളിലേക്കായി 5,58,600 ഗുളികകള്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് തേവള്ളി ഗവ. മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസില്‍ മേയര്‍ വി. രാജേന്ദ്രബാബു നിര്‍വഹിക്കും. ഫോണ്‍: 8943341430, 9446447829. വാര്‍ത്താസമ്മേളനത്തില്‍ എം.സി.എച്ച് ഓഫീസര്‍ സിസിലി, ഡി.പി.എച്ച് നഴ്‌സ് എം.എസ് അന്നമ്മ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."