പാടിച്ചിറ വില്ലേജിലെ റീസര്‍വെ: ഒരുവര്‍ഷം കഴിഞ്ഞിട്ടും അപാകത പരിഹരിച്ചില്ല
പുല്‍പ്പള്ളി: പാടിച്ചിറ വില്ലേജിലെ റീസര്‍വെ അപാകത പരിഹരിക്കുന്നതിന് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടിയായില്ല. 2016 ജനുവരി ഒന്ന് മുതല്‍ പാടിച്ചിറ വില്ലേജിലെ റീസര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ചെന്ന് അവകാശപ്പെട്ടായിരുന്നു റീസര്‍വെ പ്രാബല്യത്തിലാക്കിയത്. എന്നാല്‍ ഭൂരിഭാഗം കര്‍ഷകരുടെയും ഭൂമികള്‍ രേഖകളില്‍ ഇല്ലാതാവുകയും നിലവിലുള്ള ഭൂമിപോലും നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്. ഇതിനെതിരെ കര്‍ഷക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രക്ഷോഭത്തെ തുടര്‍ന്ന് റീസര്‍വെയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് അപേക്ഷകള്‍ വാങ്ങിയിരുന്നു.
എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും റീസര്‍വെയ്ക്ക് അപേക്ഷ നല്‍കിയ കര്‍ഷകരുടെ ഭൂമികള്‍ അളന്ന് തിട്ടപ്പെടുത്തുന്നതിനോ, രേഖകള്‍ ശരിയാക്കുന്നതിനോ അധികൃതര്‍ തയാറായിട്ടില്ല. പാടിച്ചിറ വില്ലേജിലെ 12,000 ഏക്കര്‍ 3581എ1എ നമ്പര്‍ ഭൂമിയാണ് പുതിയ സര്‍വെ പ്രകാരം മൂന്ന് ബ്ലോക്കുകളിലായി തിരിച്ച് 12000-ത്തോളം റീസര്‍വെ നമ്പറുകളിലേക്ക് മാറിയത്. എന്നാല്‍ റീസര്‍വെ അധികൃതരുടെ അനാസ്ഥ മൂലം പലരുടെയും ഭൂമികള്‍ മറ്റുള്ളവരുടെ പേരിലേക്ക് മാറി രേഖപ്പെടുത്തിയതോടെ നികുതി അടയ്ക്കുന്നതിനോ, കൈവശസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനോ, വായ്പ എടുക്കുന്നതിനോ കഴിയാത്ത അവസ്ഥയാണ്. റീസര്‍വെ അപാകതകള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെ പാടിച്ചിറ വില്ലേജില്‍ റീസര്‍വെ ഉദ്യോഗസ്ഥരെ നിയമിച്ചെങ്കിലും, രേഖകള്‍ ശരിയായി തിട്ടപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. റീസര്‍വെ പ്രാബല്യത്തില്‍ വന്നതിനാല്‍ അടിയന്തിരമായി റീസര്‍വെയിലെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."