പൊന്നാനി തീരദേശമേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം
പൊന്നാനി: പൊന്നാനി, പുതുപൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി, കാപ്പിരിക്കാട് തുടങ്ങിയ തീരദേശമേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം. കിണറുകളില്‍ ഉപ്പുവെള്ളം കൂടി കലര്‍ന്നതോടെ പണം കൊടുത്തു വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് ഇവിടങ്ങളിലുള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍.
നഗരസഭാ പരിധിയിലെ തെയ്യങ്ങാട് ബിയ്യം കായലിലെ ഉപ്പുവെള്ളം കയറി മുന്നുറോളം കുടുംബങ്ങളുടെ ശുദ്ധജല കിണറുകളിലെ വെള്ളം കുടിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ചിര്‍പ്പ് പൊളിഞ്ഞതാണ് ഉപ്പുവെള്ളം കയറാന്‍ ഇടയാക്കിയത്.
കിണറുകളിലെല്ലാം വേനല്‍ കടുത്തതോടെ മുന്‍ വര്ഷങ്ങളിലേതിനേക്കാള് ഉപ്പിന്റെ കാഠിന്യം കൂടുതലാണ്. അതിനാല്‍ തന്നെ കുടിക്കാനും കുളിക്കാനും ഈ വെള്ളം ഉപയോഗിക്കാനാകുന്നില്ല. മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന 150 കുടുംബങ്ങളാണിവിടെയുള്ളത്. വെളിയങ്കോട് താവളക്കുളം, കാപ്പിരിക്കാട്ടിലെ വിവിധ കോളനികള്‍, പാലപ്പെട്ടി, കടവനാട് തുടങ്ങിയ മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. ഉപ്പുവെള്ളം ഉപയോഗിക്കുന്നതിനാല്‍ ഇവിടെയുള്ള കുട്ടികള്‍ക്ക് ത്വക്ക് രോഗങ്ങള്‍ കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു. എല്ലാ തെരഞ്ഞെടുപ്പുകാലത്തും രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് ഇവിടെ വെള്ളമെത്തിക്കാറുണ്ട്. പിന്നീടിങ്ങോട്ട് അവരെയൊന്നും കാണാറില്ല. കുടിവെള്ളമെത്തിക്കാന്‍ സ്ഥിരം സര്‍ക്കാര്‍ സംവിധാനം വേണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."