HOME
DETAILS
MAL
ലോ അക്കാദമി: സി.പിഎമ്മിനെതിരെ ഒളിയമ്പുമായി വീണ്ടും ജനയുഗം
backup
February 09 2017 | 06:02 AM
തിരുവനന്തപുരം: ലോ അക്കാദമി സമരം വിജയിച്ചതിന്റെ പശ്ചാത്തലത്തില്‍ സി.പി.എമ്മിനും എസ്.എഫ്.ഐക്കുമെതിരെ ഒളിയമ്പെയ്ത് സി.പി.ഐ മുഖപത്രം ജനയുഗം. സമരത്തെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും പ്രശംസിക്കുന്നതോടൊപ്പം ചിലര്‍ മാനേജ്‌മെന്റിന്റെ പിണിയാളുകളായി പ്രവര്‍ത്തിച്ചത് കാണാമായിരുന്നുവെന്നും മുഖപ്രസംഗത്തില്‍ സൂചിപ്പിക്കുന്നു.
'വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ സമാനവും പരിഹൃതമാകേണ്ടതുമാണെങ്കിലും അതിന് കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍ വരമ്പുകളിടാന്‍ ചില കോണുകളില്‍ നിന്ന് ശ്രമങ്ങളുമുണ്ടായി. പക്ഷേ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി സമരം തുടരുകയായിരുന്നു. മാനേജ്‌മെന്റിന്റെയും പ്രിന്‍സിപ്പാളിന്റെയും ചെയ്തികള്‍ അങ്ങനെയാണ് കേരളത്തിന്റെയാകെ ശ്രദ്ധയിലേയ്ക്ക് വരുന്നതും കേരളം മുഴുവന്‍ സമരത്തിന് പിന്നില്‍ അണിനിരക്കുന്നതും. സമരത്തിന്റെ തീക്ഷ്ണതയും ഓരോ ദിവസവുമുള്ള വര്‍ധിത വീര്യവും കാരണം ആദ്യഘട്ടത്തില്‍ മാറിനിന്നവരും സമരത്തിലേക്ക് വരുന്ന സാഹചര്യമുണ്ടായി'.
'വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചാണ് സമരമുഖത്ത് ഉറച്ചു നിന്നത്. എന്നാല്‍ സമരത്തെ പൊളിക്കാനും ഒറ്റുകൊടുക്കാനുമുള്ള ശ്രമങ്ങള്‍ അകത്തും പുറത്തും നിന്നുമുണ്ടായി. സമരത്തില്‍ നിന്ന് പിന്മാറ്റാനുള്ള ശ്രമങ്ങള്‍ പല വഴിക്കാണ് നടത്തിയത്. സമ്മര്‍ദങ്ങള്‍ ഉപയോഗിച്ചും വീട്ടുകാരെ ഭയപ്പെടുത്തിയുമൊക്കെ അതിനുള്ള ശ്രമങ്ങള്‍ ഉണ്ടായെന്ന് വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് പരസ്യമായി സമ്മതിക്കുമ്പോഴും മാനേജ്‌മെന്റിന്റെ പിണിയാളുകളായി ഉത്തരവാദപ്പെട്ട ചിലരെങ്കിലും പ്രവര്‍ത്തിച്ച അനുഭവവും ഈ സമരമുഖത്തു കാണാനായി. അതുകൊണ്ടാണ് സമരം ഒരു മാസത്തോളം നീണ്ടുപോയത്. അന്വേഷണത്തില്‍ കുറ്റകരമായ നടപടികള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് കണ്ടെത്തിയിട്ടും നടപടി വേണ്ടെന്ന തീരുമാനമെടുത്തതുള്‍പ്പെടെ നിരവധി ഉദാഹരണങ്ങള്‍ ഇതിന് തെളിവായി ചൂണ്ടിക്കാട്ടാനുണ്ട്. മുഷ്‌ക്കില്ലാതെയും അവധാനതയോടെയും ഉത്തരവാദപ്പെട്ടവര്‍ സമീപിച്ചിരുന്നുവെങ്കില്‍ എത്രയോ നേരത്തേ തന്നെ അവസാനിക്കുന്നതായിരുന്നു ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം. അതുകൊണ്ടുതന്നെ അനാവശ്യവിവാദങ്ങള്‍ക്കും ഇടയുണ്ടാക്കി. പക്ഷേ അതൊന്നും വകവയ്ക്കാതെയും എല്ലാവിധത്തിലുമുള്ള എതിര്‍പ്പുകളെയും അവഗണിച്ചും വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോയി എന്നതുകൂടിയാണ് ഈ സമരവിജയത്തിന്റെ പ്രത്യേകത'.
എല്ലാ എതിര്‍പ്പുകളെ അതിജീവിച്ചും കുപ്രചരണങ്ങളെ അവഗണിച്ചും ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തെ വിജയത്തിലേയ്ക്ക് നയിച്ച എല്ലാ പോരാളികളും അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."