ശൈത്യകാല ഒളിംപിക്‌സ്: ഒരു കൊടിക്ക് കീഴില്‍ ഐക്യംപ്രഖ്യാപിക്കാന്‍ കൊറിയകള്‍
സിയൂള്‍: അടുത്ത മാസം സിയൂളില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സില്‍ ഒരു കൊടിക്ക് കീഴില്‍ മാര്‍ച്ച് നടത്താന്‍ ഇരു കൊറിയകളും ധാരണയായി. വെള്ളയില്‍ നീല നിറമുള്ള ഐക്യകൊടിയാണ് ഇതിനായി ഉപയോഗിക്കുക. വനിതകളുടെ ഐസ് ഹോക്കി മത്സരത്തില്‍ സംയുക്തമായി മത്സരിക്കാന്‍ ഇരു കൊറിയകളും നേരത്തെ ധാരണയായിരുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള തീരുമാനത്തിനെതിരേ ദക്ഷിണകൊറിയന്‍ ഹോക്കി ടീം രംഗത്തെത്തിയിരുന്നു. മത്സരത്തില്‍ വിജയിക്കുന്നതിനുള്ള സാഹചര്യമാണ് സംയുക്ത മത്സരത്തിലൂടെ നഷ്ടമാവുകയെന്ന് ദക്ഷിണ കൊറിയന്‍ ഹോക്കി ടീം കോച്ച് പറഞ്ഞു.
ഈ തീരുമാനത്തിനെതിരേ പതിനായിരക്കണക്കിന് ദക്ഷിണകൊറിയക്കാര്‍ ഓണ്‍ലൈനിലൂടെ പ്രിസിഡന്റ് മൂണ്‍ ജോക്കിന് പരാതി നല്‍കി. കൂടാതെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ അംഗീകാരം കൂടി സംയുക്ത മത്സരത്തിനുണ്ടാവേണ്ടതുണ്ട്. ദക്ഷിണകൊറിയയില്‍ ഫെബ്രുവരി 9-25 ഇടയില്‍ നടക്കുന്ന ഒളിംപിക്‌സില്‍ 150 ഉത്തരകൊറിയന്‍ പ്രതിനിധികളാണ് മാര്‍ച്ചില്‍ പങ്കെടുക്കുക. നൂറകണക്കിന് കായിക താരങ്ങള്‍ക്കൊപ്പം140 ഗായക സംഘവും ദക്ഷിണ കൊറിയയില്‍ എത്തിച്ചേരും.
എന്നാല്‍ ഉത്തര കൊറിയ ഇപ്പോള്‍ നടത്തുന്നത് ലോകത്തെ വശീകരിക്കാനുള്ള തന്ത്രം മത്രമാണെന്നും ലോകം ഇതില്‍ വീഴരുതെന്നും ജപ്പാന്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കി. ഉത്തരകൊറിയക്കുള്ള ഉപരോധം ലഘൂകരിക്കരുതെന്ന് ജപ്പാന്‍ വിദേശകാര്യ മന്ത്രി തരോ കൊനോ ആവശ്യപ്പെട്ടു. ഉത്തരകൊറിയക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പ്രായോഗികമാണെന്നതിന്റെ തെളിവാണ് അവര്‍ ചര്‍ച്ചക്ക് തയാറായതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."